'തലമുറമാറ്റം': ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിക്കറ്റ് കീപ്പറായി റിഷഭിനെ നിര്‍ദേശിച്ച് സാഹ

By Web TeamFirst Published May 22, 2021, 12:22 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും റിഷഭ് തന്നെ മതി വിക്കറ്റിന് പിന്നില്‍ എന്ന് പറഞ്ഞിരിക്കുകയാണ് വൃദ്ധിമാന്‍ സാഹ. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സാങ്കേതിക തികവുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് വൃദ്ധിമാന്‍ സാഹ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ടെസ്റ്റില്‍ വെറ്ററന്‍ സാഹയെ പിന്തള്ളി 23കാരനായ റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ സ്ഥാനമുറപ്പിക്കുകയാണ്. ബാറ്റിംഗിലെ മികവാണ് സാഹയ്‌ക്ക് മുകളില്‍ പന്തിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്‍റിനെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും റിഷഭ് തന്നെ മതി വിക്കറ്റിന് പിന്നില്‍ എന്ന് പറഞ്ഞിരിക്കുകയാണ് വൃദ്ധിമാന്‍ സാഹ. 

പന്തിന് സാഹയുടെ പ്രശംസ, പിന്തുണ

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസാന കുറച്ച് മത്സരങ്ങളില്‍ കളിച്ചത് റിഷഭ് പന്താണ്. അദേഹം മികച്ച പ്രകടനം കാഴ്‌ചവെച്ചു. പന്തായിരിക്കണം ഇംഗ്ലണ്ടില്‍ നമ്മുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ഞാന്‍ കാത്തിരിക്കാം. അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ആ അവസരത്തിനായി പരിശീലനം തുടരും. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് ടീം മാനേജ്‌മെന്‍റ് തീരുമാനമെടുക്കും' എന്നും 36കാരനായ സാഹ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റിന് ശേഷം പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു വൃദ്ധിമാന്‍ സാഹ. 9, 4 എന്നിങ്ങനെയായിരുന്നു അഡ്‌ലെയ്‌ഡില്‍ സാഹയുടെ സ്‌കോര്‍. പകരക്കാരനായെത്തിയ റിഷഭ് പന്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മൂന്ന് മത്സരങ്ങള്‍ കളിച്ച റിഷഭ് 68.50 ശരാശരിയില്‍ 274 റണ്‍സ് നേടി പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനായി. 

ഇംഗ്ലണ്ടിലെ സതാംപ‌്‌ടണില്‍ ജൂൺ പതിനെട്ടിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനൽ തുടങ്ങുന്നത്. മുംബൈയിൽ ക്വാറന്റീനിലുള്ള ഇന്ത്യന്‍ താരങ്ങൾ ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പറക്കും. ഐപിഎല്ലിനിടെ കൊവിഡ് ബാധിച്ച വൃദ്ധിമാന്‍ സാഹ രോഗമുക്തനായെങ്കിലും അദേഹത്തിന് ബാക്ക്‌അപ് എന്ന നിലയ്‌ക്ക് കെ എസ് ഭരതിനെ ടീം ഇന്ത്യ വിക്കറ്റ് കീപ്പറായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിക്കറ്റ് കീപ്പറായി പന്തിന് തന്നെയാണ് സാധ്യതകള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ഇതേ സ്‌ക്വാഡ് കളിക്കും. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

ഇത് കടുക്കും; ക്രീസില്‍ കാലുറയ്‌ക്കാന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് ശാസ്‌ത്രിയുടെ അഗ്നിപരീക്ഷ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!