
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് വിദര്‍ഭ ഫൈനലില്‍. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കര്‍ണാടകയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ കര്‍ണാടക 281 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. കരുണ്‍ നായര്‍ (76), കൃഷ്ണന്‍ ശ്രീജിത്ത് (54) മികച്ച പ്രകടനം പുറത്തെടുത്തു. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നാല്‍കണ്ഡെ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിദര്‍ഭ 46.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അമന്‍ മൊഖാതെയുടെ (138) സെഞ്ചുറിയാണ് വിദര്‍ഭയെ വിജയത്തിലേക്ക് നയിച്ചത്. രവികുമാര്‍ സമര്‍ത്ഥ് 76 റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ അഥര്‍വ ടൈഡെയുടെ (4) വിക്കറ്റ് വിദര്‍ഭയ്ക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് മൊഖാതെ - ധ്രുവ് ഷോറെ (47) സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഷോറെയെ പുറത്താക്കി അഭിലാഷ് ഷെട്ടി കര്‍ണാടകയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും മൊഖാതെ - സമര്‍ത്ഥ് സഖ്യം നേടിയ 147 റണ്‍സ് കൂട്ടുകെട്ട് വിദര്‍ഭയെ വിജയതീരത്ത്് എത്തിക്കുകയായിരുന്നു. മൊഖാതെയും പിന്നാലെ വന്ന രോഹിത് ബിങ്കറും (11) പുറത്തായെങ്കിലും വിദര്‍ഭ 47-ാം ഓവറില്‍ അനായാസം വിജയം നേടി. സമര്‍ത്ഥിനൊപ്പം ഹര്‍ഷ് ദുബെ (0) പുറത്താവാതെ നിന്നു.
മോശമായിരുന്നു കര്‍ണാടകയുടെ തുടക്കം. 20 റണ്‍സിനിടെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (9), ദേവ്ദത്ത് പടിക്കല്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ കര്‍ണാടകയ്ക്ക് നഷ്ടമായി. സീസണില്‍ മികച്ച ഫോമിലുള്ള ദേവ്ദത്ത് മടങ്ങിയത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയായി. പിന്നീട് കരുണ്‍ - ധ്രുവ് പ്രഭാകര്‍ (28) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. 17-ാം ഓവറിന്റെ അവസാന പന്തില്‍ ധ്രുവ് മടങ്ങിയെങ്കിലും കൂട്ടുകെട്ട് കര്‍ണാടകയ്ക്ക് നേരിയ ആശ്വാസം നല്‍കി. തുടര്‍ന്നാണ്് കര്‍ണാടക ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്.
കരുണ്‍ - ശ്രീജിത്ത് സഖ്യം 97 പന്തില്‍ 113 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 34-ാം ഓവറില്‍ കരുണിനെ മടക്കിയയച്ച് നാല്‍കണ്ഡെ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 90 പന്തുകള്‍ നേരിട്ട കരുണ്‍ ഒരു സിക്‌സും എട്ട് ഫോറും നേടിയിരുന്നു. വൈകാതെ ശ്രീജിത്തും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ശ്രേയസ് ഗോപാല്‍ (36), അഭിനവ് മനോഹര്‍ (26) എന്നിവര്‍ നിര്‍ണാക സംഭാവന നല്‍കി. ഇരുവരും മടങ്ങിയതിന് പിന്നാലെ വിജയകുമാര്‍ വൈശാഖും (17) സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. വിദ്യാധര്‍ പാട്ടീല്‍ (1), അഭിലാഷ് ഷെട്ടി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിദ്വത് കവേരപ്പ (1) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!