
മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും അതിനെ ബിസിസിഐ കൈകാര്യം ചെയ്യുന്ന രീതിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ലോകകപ്പ് വര്‍ഷത്തില്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതിനെയാണ് കപില്‍ വിമര്‍ശിച്ചത്.
പരിക്കുമൂലം പേസര്‍ ജസ്പ്രീത് ബുമ്രക്ക് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങിയ പ്രധാന മത്സരങ്ങള്‍ നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രക്കും, റിഷഭ് പന്തിനുമൊക്കെ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. ബുമ്രയെ നോക്കിയിരുന്ന് നമ്മള്‍ ഇനിയും ഒരുപാട് സമയം നഷ്ടമാക്കണോ. ബുമ്ര ലോകകപ്പില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് നമ്മളെല്ലാം. പക്ഷെ വീണ്ടും പരിക്കേല്‍ക്കുകയും ലോകകപ്പ് സെമിയിലോ ഫൈനലിലോ ഒന്നും ബുമ്രക്ക് കളിക്കാനാവാതിരിക്കുകയും ചെയ്താല്‍ ബുമ്രക്കായി സമയം പാഴാക്കിയത് വെറുതെയാവും. അതുപോലെതന്നെയാണ് റിഷഭ് പന്തിന്‍റെ കാര്യവും. റിഷഭ് പന്ത് ഉണ്ടായിരുന്നെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം ഇതിനെക്കാള്‍ മികച്ചതാവുമായിരുന്നു.
കളിക്കാര്‍ക്ക് ചെറിയ പരിക്കുണ്ടെങ്കിലും അവര്‍ ഐപിഎല്ലില്‍ കളിക്കാന്‍ തയാറാണ്. എന്നാല്‍ ഇന്ത്യക്കായി കളിക്കാന്‍ ഒരുക്കമല്ലെന്നും കപില്‍ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്‍റെ കരിയറില്‍ വലിയ പരിക്കുകളൊന്നും സംഭവിക്കാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. പക്ഷെ ഇന്നത്തെ താരങ്ങള്‍ വര്‍ഷത്തില്‍ 10 മാസവും കളിക്കുന്നവരാണ്. അതിന്‍റെ ഒരു ആനുകൂല്യം അവര്‍ക്ക് നല്‍കിയാലും പരിക്കേല്‍ക്കാതിരിക്കുക എന്നത് കളിക്കാരന്‍റെ ഉത്തരവാദിത്തമാണ്. ഐപിഎല്‍ വലിയ ടൂര്‍ണമെന്‍റാണ്. പക്ഷെ അത് കളിക്കാരുടെ കരിയര്‍ ഇല്ലാതാക്കാനും കാരണമാകാം.
അടിച്ചുപരത്തുക എന്ന് പറഞ്ഞാല്‍ ഇതാണ്, ചാഹലിന്‍റെ മുതുകത്ത് രോഹിത്തിന്‍റെ 'പ്രാക്ടീസ്'-വീഡിയോ
കാരണം, ചെറിയ പരിക്കുണ്ടെങ്കിലും ഐപിഎല്ലില്‍ കളിക്കുകയും അതേസമയം, ചെറിയ പരിക്കുണ്ടെങ്കില്‍ ഇന്ത്യക്കായി കളിക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മള്‍ കാണുന്നതാണ്. അതുകൊണ്ടുതന്നെ കളിക്കാര്‍ക്ക് മതിയായ ഇടവേളകള്‍ അനിവാര്യമാണെന്നും കപില്‍ പറഞ്ഞു. ഓരോ കളിക്കാരനും എത്രത്തോളം ക്രിക്കറ്റ് കളിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കണം. ഇന്ന് ബോര്‍ഡിന് പണമുണ്ട്, ഇഷ്ടം പോലെ കളിക്കാരുമുണ്ട്. അതുകൊണ്ടുതന്നെ മൂന്നോ അഞ്ചോവര്‍ഷത്തെ ആസൂത്രണവുമായി മുന്നോട്ട് പോകാനാകുന്നില്ലെങ്കില്‍ ബോര്‍ഡിന് എന്തോ കുഴപ്പമുണ്ടെന്നും കപില്‍ പറഞ്ഞു.