
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വിശ്രമമെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങളാണ് ഇന്ത്യന്‍ ബാറ്റിംഗിനെ ചുമലിലേറ്റിയത്. വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന നിലയില്‍ നിന്ന് 182 റണ്‍സിന് ഓള്‍ ഔട്ടായി യുവനിര പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ 2019നുശേഷം ഏകദിനത്തില്‍ വിന്‍ഡീസിനോട് ആദ്യ തോല്‍വി വഴങ്ങുകയും ചെയ്തു.
ആദ്യ രണ്ട് ഏകദിനത്തിലും കുല്‍ദീപ് യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയപ്പോള്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഡഗ് ഔട്ടിലിരുന്ന് കളി കാണാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായും അടുത്ത വ്യക്തിബന്ധമുള്ള ചാഹല്‍ ഇരുവര്‍ക്കുമൊപ്പമുള്ള നിമിഷങ്ങള്‍ പരമാവധി രസകരമാക്കാറുമുണ്ട്.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് പിന്തുടരുന്നതിനിടെ ഇത്തരമൊരു രസകരമായ സംഭവം ഡഗ് ഔട്ടില്‍ നടന്നു. വിരാട് കോലിക്കും ജയദേവ് ഉനദ്ഘട്ടിനുമൊപ്പം കളി കൊണ്ടുകൊണ്ട് ഗൗരവമായ സംഭാഷണത്തിലായിരുന്നു ചാഹല്‍. ഇതിനിടെ ആരോ ചാഹലിന്‍റെ തലയിലും മുതുകത്തുമെല്ലാം അടിക്കുന്നു.
പുറത്തെ ബഹളം കൊണ്ടൊന്നും കാര്യമില്ല, സഞ്ജുവിന് ഇന്നും അവസരമുണ്ടാകില്ല;കാരണം വ്യക്തമാക്കി മുന്‍ താരം
തൊട്ടടുത്തിരുന്ന വിരാട് കോലി നോക്കുമ്പോള്‍ അത് രോഹിത് ശര്‍മയാണ്. തലയില്‍ അടിച്ചതിന് പുറമെ ചാഹലിന്‍റെ മുതുകത്തും രോഹിത് പ്രാക്ടീസ് നടത്തുന്നതുകണ്ട് ജയദേവ് ഉനദ്ഘട്ട് നിറഞ്ഞു ചിരിച്ചപ്പോള്‍ കോലി ചിരിയടക്കാന്‍ പാടപെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ എന്താണ് ചാഹലിന്‍റെ മുതുകത്ത് ബാറ്റിംഗ് പ്രാക്ടീസ് നടത്താന്‍ രോഹിത്തിനെ പ്രേരിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.
അതേസമയം, രണ്ടാം ഏകദിനത്തിലെ തോല്‍വിയോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയില്‍ നില്‍ക്കുന്നതിനാല്‍ നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ രോഹിത്തും കോലിയും ഇന്ത്യക്കായി ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്. ചാഹലിനും നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയേക്കും.