ബാബര്‍ അസം അങ്ങോട്ട് മാറിനില്‍ക്ക്; ഏകദിന റെക്കോര്‍ഡ് തരിപ്പണമാക്കി ശുഭ്‌മാന്‍ ഗില്‍

Published : Jul 31, 2023, 11:14 AM ISTUpdated : Jul 31, 2023, 10:22 PM IST
ബാബര്‍ അസം അങ്ങോട്ട് മാറിനില്‍ക്ക്; ഏകദിന റെക്കോര്‍ഡ് തരിപ്പണമാക്കി ശുഭ്‌മാന്‍ ഗില്‍

Synopsis

ശുഭ്‌മാന്‍ ഗില്‍ ചരിത്രം കുറിച്ചെങ്കിലും രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ആറ് വിക്കറ്റിന്‍റെ തോല്‍വി ഇന്ത്യ വഴങ്ങിയിരുന്നു

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ 34 റണ്‍സേ നേടിയുള്ളൂവെങ്കിലും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് റെക്കോര്‍ഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പാക് ബാറ്ററായ ബാബര്‍ അസമിനെയാണ് ഗില്‍ മറികടന്നത്. 

ബാര്‍ബഡോസില്‍ ഓപ്പണറായി ഇറങ്ങി 49 പന്തില്‍ 34 റണ്‍സുമായി ശുഭ്‌മാന്‍ ഗില്‍ തകര്‍ത്തത് ബാബര്‍ അസമിന്‍റെ എക്കാലത്തേയും റെക്കോര്‍ഡ്. ഏകദിനത്തില്‍ ആദ്യ 26 ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഗില്‍ മാറി. 26 ഇന്നിംഗ്‌സുകളില്‍ 1322 റണ്‍സാണ് ബാബറിന്‍റെ പേരിലുള്ളത്. അതേസമയം ഗില്ലിന്‍റെ റണ്‍ സമ്പാദ്യം 1352ലെത്തി. ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍ ട്രോട്ട്(1303), പാകിസ്ഥാന്‍റെ ഫഖര്‍ സമാന്‍(1275), ദക്ഷിണാഫ്രിക്കയുടെ റാസീ വാന്‍ ഡെര്‍ ഡസ്സന്‍(1267) എന്നിവരാണ് ഗില്ലിനും ബാബറിനും പിന്നിലുള്ള താരങ്ങള്‍. 26 ഏകദിന ഇന്നിംഗ്‌സുകളില്‍ 61.45 ശരാശരിയിലും 104.89 പ്രഹരശേഷിയിലും നാല് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും സഹിതമാണ് ഗില്‍ 1352 റണ്‍സ് നേടിയത്. 

ശുഭ്‌മാന്‍ ഗില്‍ ചരിത്രം കുറിച്ചെങ്കിലും രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ആറ് വിക്കറ്റിന്‍റെ തോല്‍വി ഇന്ത്യ വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 40.5 ഓവറില്‍ 181 റണ്‍സേ നേടാനായുള്ളൂ. 55 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ടോപ് സ്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 9 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 36.4 ഓവറില്‍ 4 വിക്കറ്റിന് 182 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഷായ് ഹോപ്പും(63*), കീസി കാര്‍ട്ടിയും(48*) വിന്‍ഡീസിനായി തിളങ്ങി. പരമ്പര വിജയികളെ തീരുമാനിക്കുന്ന മൂന്നാം ഏകദിനം നാളെ ചൊവ്വാഴ്‌ച ട്രിനിഡാഡില്‍ നടക്കും. ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യക്കായിരുന്നു ജയം. 

Read more: പുരാന്‍ പൂരം, 55 പന്തില്‍ 137*; മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് കിരീടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി