
മുംബൈ: ന്യൂസിലൻഡിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി വേറിട്ട പരിശീലന രീതിയുമായി ഇന്ത്യൻ ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ടെസ്റ്റ് പരമ്പരയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നാല് മുതൽ അഞ്ച് വരെ നെറ്റ് ബൗളർമാരെ സ്വന്തം ചെലവിൽ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാനാണ് ഗില്ലിന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്ട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കളിക്കാരൻ സ്വന്തം ചിലവിൽ പ്രത്യേക നെറ്റ് ബൗളർമാരെ വിദേശ പര്യടനത്തിനായി ഒപ്പം കൂട്ടുന്നത്.
സാധാരണയായി ബിസിസിഐ ആണ് ടീമിന് ആവശ്യമുള്ള നെറ്റ് ബൗളർമാരുടെ കാര്യങ്ങൾ ക്രമീകരിക്കുന്നത്. എന്നാൽ, തന്റെ ബാറ്റിംഗിലെ ചില പ്രത്യേക മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നതിനാണ് ഗിൽ സ്വന്തമായി ബൗളർമാരെ കൊണ്ടുപോകാന് താൽര്യപ്പെടുന്നത്. ഒക്ടോബർ 23 അല്ലെങ്കിൽ 24 തീയതികളിൽ ഗിൽ ന്യൂസിലാൻഡിലേക്ക് തിരിക്കും. ഏകദിന മത്സരങ്ങളിലെ തിരക്കുകൾ കാരണം ന്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത്യ എ ടെസ്റ്റ് മത്സരങ്ങളിൽ ഗിൽ കളിക്കില്ല. ഇതിന് മുന്നോടിയായി, ഒക്ടോബർ 18-ന് മുള്ളൻപൂരിൽ ഛത്തീസ്ഗഢിനെതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിനായി ഗില് കളത്തിലിറങ്ങുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് തികച്ചും വ്യത്യസ്തമായി തണുത്ത കാലാവസ്ഥയും പുല്ലുനിറഞ്ഞ വിക്കറ്റുകളുമാണ് ന്യൂസിലൻഡിലുള്ളത്. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ കഠിനമായ തയ്യാറെടുപ്പുകൾ അനിവാര്യമാണെന്ന് ഗിൽ വിശ്വസിക്കുന്നു. അഞ്ചാം ഏകദിനവും ആദ്യ ടെസ്റ്റും തമ്മിൽ വെറും നാല് ദിവസത്തെ ഇടവേള മാത്രമുള്ളതിനാൽ തക്കതായ പരിശീലനം ഉറപ്പാക്കാൻ ബിസിസിഐ അവസാന രണ്ട് ഏകദിനങ്ങളില് നിന്ന് ഗിൽ അടക്കമുള്ള ടെസ്റ്റ് താരങ്ങള്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
വിരാട് കോലിയുടെ മാതൃക പിന്തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നൽകുന്ന ഗിൽ, പരിശീലന മത്സരങ്ങളുടെയും മെച്ചപ്പെട്ട തയ്യാറെടുപ്പുകളുടെയും ആവശ്യകതയെക്കുറിച്ച് ബിസിസിഐ ഉദ്യോഗസ്ഥരുമായി നേരത്തെ സംസാരിച്ചിരുന്നു. 2027 ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, മറ്റ് സീനിയർ താരങ്ങൾക്കൊപ്പം ആദ്യ മൂന്ന് ഏകദിനങ്ങൾക്കു ശേഷം ടെസ്റ്റ് മത്സരങ്ങളിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗിൽ തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!