Shoun Roger | ഇന്ത്യൻ അണ്ടർ 19 ബി ടീമിലെത്തിയത് കഠിനാധ്വാനത്തിന്‍റെ ഫലം: ഷോൺ റോജർ

By Web TeamFirst Published Nov 17, 2021, 3:48 PM IST
Highlights

ഷോണിന്‍റെ പ്രിയ താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെങ്കില്‍ പ്രചോദനം കേരളത്തിന്‍റെ അഭിമാന താരം സഞ്ജു സാംസണാണ്

തിരുവനന്തപുരം: അണ്ടർ 19 ഇന്ത്യൻ ബി ടീമിൽ(India U19 B Cricket Team) ഇടം നേടാനായത് കഠിനാധ്വാനത്തിന്‍റെ ഫലമെന്ന് മലയാളി ക്രിക്കറ്റര്‍ ഷോൺ റോജർ. ടീമിലെ ഏക മലയാളി താരമാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശി ഷോൺ. അണ്ടർ 16 സൗത്ത് സോണിലെ പ്രകടനവും അണ്ടർ 19 കേരളാ ടീമിലെ പ്രകടനവുമാണ് ഷോണിനെ ഇന്ത്യൻ ബി ടീമിലെത്തിച്ചത്.

സഞ്ജു സാംസണിന് ശേഷം തിരുവനന്തപുരത്തിന്‍റെ അഭിമാനമായി മാറുകയാണ് ഷോൺ റോജർ. ബംഗ്ലാദേശ് പര്യടനത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ബി ടീമിലാണ് ഷോൺ ഇടം നേടിയത്. പതിനാലാം വയസിൽ ഷാർജയിലാണ് ഷോൺ ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. പിന്നീട് കേരളത്തിന്‍റെ ജൂനിയർ ടീമുകൾക്കായി കളിച്ചു. ടോപ് ഓർഡർ ബാറ്റ്സ്‌മാനായ ഷോൺ അണ്ടർ-16, 19 തലങ്ങളിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. കഴിഞ്ഞ സീസണിൽ കേരളത്തിനായി നടത്തിയ മിന്നും പ്രകടനം ഏറെ ശ്രദ്ധ നേടി.

സായ് ക്രിക്കറ്റ് കോച്ചിംഗ് സെന്‍ററിലെ ബിജു ജോർജിന്‍റെ കീഴിലാണ് പരിശീലനം. ഷോണിന്‍റെ പ്രിയ താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെങ്കില്‍ പ്രചോദനം കേരളത്തിന്‍റെ അഭിമാന താരം സഞ്ജു സാംസണാണ്. ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി നവംബര്‍ 23ന് കൊൽക്കത്തയിലെ ക്യാംപിൽ ഷോൺ ടീമിനൊപ്പം ചേരും. 

IND vs NZ | കെയ്‌ന്‍ വില്യംസണ് പിന്നാലെ കെയ്‌ല്‍ ജമൈസണും; ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി

click me!