
ജയ്‌പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ്(Team India) പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. രാഹുല്‍ ദ്രാവിഡ്(Rahul Dravid) പൂര്‍ണസമയ പരിശീലകനായ ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയ്‌ക്കാണ് ഇന്ന് ന്യൂസിലന്‍ഡിനെതിരെ തുടക്കമാവുന്നത്. വിരാട് കോലി(Virat Kohli) ടി20(T20I) ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം രോഹിത് ശര്‍മ്മയ്‌ക്ക്(Rohit Sharma) കീഴില്‍ ഇന്ത്യയുടെ കന്നിയങ്കം കൂടിയാണിത്. കോലിയുടെ അഭാവത്തില്‍ മുമ്പും ടീമിനെ നയിച്ചിട്ടുള്ള രോഹിത് ശര്‍മ്മയുടെ മികച്ച റെക്കോര്‍ഡ് മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് കരുത്തുപകരുന്നു.
ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ്മയ്‌ക്ക് മികച്ച റെക്കോർഡാണ് ഉള്ളത്. ഇന്ത്യയെ 19 കളികളിൽ രോഹിത് നയിച്ചപ്പോൾ 15 തവണയും ടീം ജയിച്ചു. 78.95 ആണ് വിജയശതമാനം. 712 റൺസും രോഹിത് 19 കളികളിൽ നിന്നായി നേടി. ക്യാപ്റ്റനായിരിക്കെ രണ്ട് സെഞ്ചുറിയും 5 അർധ സെഞ്ചുറിയും രോഹിത്തിന്‍റെ പേരിലുണ്ട്. കോലി സ്ഥാനമൊഴിഞ്ഞതോടെ ടി20 ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയില്‍ എത്താനുള്ള കാരണങ്ങളിലൊന്ന് ഈ കണക്കുകള്‍ തന്നെ. ഇതിനൊപ്പം ഐപിഎല്‍ മികവും കുട്ടിക്രിക്കറ്റില്‍ ഹിറ്റ്‌മാന്‍റെ കൂര്‍മ്മബുദ്ധിക്ക് അടിവരയിടുന്നു.
ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടിൽ ടീം ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങും. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ജയ്‌പൂരില്‍ വൈകീട്ട് ഏഴിന് ആരംഭിക്കും. യുവതാരങ്ങള്‍ക്ക് ഏറ്റവും മികച്ച വഴികാട്ടിയായ രാഹുൽ ദ്രാവിഡും ടി20യിലെ വിജയഫോര്‍മുല നന്നായി അറിയാവുന്ന രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമിന് പുതുവഴികാട്ടും എന്നാണ് ആരാധക പ്രതീക്ഷ. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്‍റെ ക്ഷീണം മറികടക്കുക ഇന്ത്യക്ക് അത്യാവശ്യമാണ്. വെങ്കടേഷ് അയ്യര്‍ ഫിനിഷറുടെ പുതിയ റോളിൽ തിളങ്ങുമോയെന്നതും ആകാംക്ഷയുണര്‍ത്തുന്നു.
എന്നാല്‍ ലോകകപ്പ് ഫൈനല്‍ തോൽവിക്ക് മൂന്ന് ദിവസത്തിനുശേഷം കളത്തിലിറങ്ങുന്ന കിവികളെ നയിക്കുക ടിം സൗത്തിയാണ്. കെയ്‌ന്‍ വില്യംസന്‍റെ അഭാവത്തിൽ മുന്‍പ് സൗത്തി നയിച്ച 18 ട്വന്‍റി 20യിൽ 12ലും ജയിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ശാരീരികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരുന്ന പേസര്‍ ലോക്കി ഫെര്‍ഗ്യൂസന്‍ ഇന്ത്യക്ക് ഭീഷണിയാകും. എന്തായാലും പുതിയ പരിശീലകനും നായകനും കീഴില്‍ ഗംഭീര തിരിച്ചുവരവ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
IND vs NZ | വേണം ടി20യില്‍ ഇന്ത്യക്ക് തനത് ശൈലി; വിജയതന്ത്രം പറഞ്ഞ് രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!