
ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍(India vs South Africa) ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയതോടെ ഇന്ത്യക്ക് നഷ്ടടമായത് അപൂര്‍വ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ 13 തുടര്‍ജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ആദ്യ മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യക്ക് കൈയകലത്തില്‍ നഷ്ടമായത്. ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോള്‍ 12 തുടര്‍ ജയങ്ങളുമായി അഫ്ഗാനിസ്ഥാന്‍റെയും റുമാനിയയുടെയും റെക്കോര്‍ഡിനൊപ്പമായിരുന്നു ഇന്ത്യ.
എന്നാല്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ റിഷഭ് പന്ത് തോറ്റ് കയറിയതോടെ ഇന്ത്യക്ക് റെക്കോര്‍ഡ് സ്വന്തമാക്കാനായില്ല. ദില്ലി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ ഡേവിഡ് മില്ലറുടെയും റാസി വന്‍ഡര്‍ ഡസ്സന്‍റെയും ആറാട്ടിന് മുന്നില്‍ നിസഹായരായി.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റശേഷം ടി20യില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ. ലോകകപ്പില്‍ സെമി കാണാതെ പുറത്തായെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്കോട്‌ലന്‍ഡ് ടീമുകളെ തോല്‍പ്പിച്ചു.
മിന്നലായി മില്ലര്‍, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തോല്‍വി
ടി20 ലോകകപ്പിനുശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ നാട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകള്‍ തൂത്തുവാരി 12 തുടര്‍ ജയങ്ങളെന്നെ റെക്കോര്‍ഡിന് ഒപ്പമെത്തി.
എന്നാല്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങി ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ അടിതെറ്റി. ഇന്ത്യ റെക്കോര്‍ഡ് കൈവിട്ടപ്പോള്‍ ടി20യിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് നടത്തി ദക്ഷിണാഫ്രിക്ക റെക്കോര്‍ഡിട്ടു. 2007ല്‍ ജൊഹാനസ്ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡിസിനെതിരെ 206 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇഥുവരെയുള്ള ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്.
ഇന്ത്യക്കെതിരെ ഏതെങ്കിലും ഒരു ടീം നടത്തുന്ന ഉയര്‍ന്ന റണ്‍ചേസുമാണിത്. 2015ല്‍ ധര്‍മശാലയില്‍ ദക്ഷിണാഫ്രിക്ക തന്നെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നുഇ ടി20യില്‍ ഇന്ത്യക്കെതിരായ ഉയര്‍ന്ന റണ്‍ചേസ്. നാലാം വിക്കറ്റില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നാലാം വിക്കറ്റ് കൂട്ടുക്കെട്ടുയര്‍ത്താനും ഡേവിഡ് മില്ലര്‍ റാസി വാന്‍ഡര്‍ ഡസ്സന്‍ സഖ്യത്തിനായി. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലാം വിക്കറ്റില്‍ 161 റണ്‍സടിച്ച ഗ്ലെന്‍ മാക്സ്‌വെല്‍-ഡിവിഡ് വാര്‍ണര്‍ സഖ്യത്തിന്‍റെ പേരിലാണ് ഏറ്റവും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!