ടി20യില്‍ തുടര്‍ച്ചയായി 12 ജയങ്ങള്‍ നേടിയ ഇന്ത്യയുടെ വിജയ പരമ്പരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്നത്തെ തോല്‍വി ഫുള്‍ സ്റ്റോപ്പിട്ടത്. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.

ദില്ലി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡേവിഡ് മില്ലറുടെയും(David Miller) റാസി വാന്‍ഡര്‍ ഡസ്സന്‍റെയും(Rassie van der Dussen) ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഇന്ത്യയെ കീഴടക്കി ദക്ഷിണാഫ്രിക്ക(India vs South Africa). ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3.

ടി20യില്‍ തുടര്‍ച്ചയായി 12 ജയങ്ങള്‍ നേടിയ ഇന്ത്യയുടെ വിജയ പരമ്പരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്നത്തെ തോല്‍വി ഫുള്‍ സ്റ്റോപ്പിട്ടത്. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.

തുടക്കം പാളി ഒടുക്കം ആളിക്കത്തി

ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് മുന്നില്‍ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ തെംബാ ബാവുമയെ(10) മടക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ കിന്‍റണ്‍ ഡീ കോക്കും വണ്‍ ഡൗണായി എത്തിയ ഡ്വയിന്‍ പ്രിട്ടോറിയസും തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു. 13 പന്തില്‍ 29 റണ്‍സടിച്ച പ്രിട്ടോറിയസ് നാല് സിക്സും ഒരു ഫോറും പറത്തി. ഡികോക്കിനെ(22) അഖ്സറും പ്രിട്ടോറിയസിനെ(29) ഹര്‍ഷല്‍ പട്ടേലും മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

കില്ലര്‍ മില്ലര്‍

ഐപിഎല്ലിലെ മികച്ച ഫോം ദക്ഷിണാഫ്രിക്കക്കായും തുടര്‍ ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയപാടെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. അക്സര്‍ പട്ടേലിനെയും ഹര്‍ഷല്‍ പട്ടേലിനെയും സിക്സുകള്‍ക്ക് പറത്തി മില്ലര്‍ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലേക്ക് നയിച്ചു. 22 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡേവിഡ് മില്ലര്‍ 31 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് മില്ലറുടെ ഇന്നിംഗ്സ്.

പതുക്കെ തുടങ്ങിയ വാന്‍ഡര്‍ ദസ്സല്‍ ആദ്യ 32 പന്തില്‍ 30 റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ർ എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 22 റണ്‍സടിച്ച ഡസ്സന്‍ 37 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഹര്‍ഷല്‍ പട്ടേലല്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ 22 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനെട്ടാം ഓവറിലും 22 റണ്‍സടിച്ചു ലക്ഷ്യത്തിലേക്ക് വേഗം അടുത്തു.

ഐപിഎല്ലില്‍ തിളങ്ങിയ യുസ്‌വേന്ദ്ര ചാഹല്‍ 2.1 ഓവറില്‍ 26 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും നാലോവറില്‍ 43 റണ്‍സിന് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്‍റെയും(Ishan Kishan) വൈസ് ഹാര്‍ദ്ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 31റണ്‍സെടുത്തു.