ഈ ബുമ്രക്ക് എന്തുപറ്റി! കാണുന്നവരെല്ലാം എടുത്തിട്ടടിക്കുന്നു; മടങ്ങുന്നത് നാണക്കേടിന്‍റെ റെക്കോര്‍ഡുമായി

By Jomit JoseFirst Published Sep 26, 2022, 9:23 AM IST
Highlights

രാജ്യാന്തര ടി20യില്‍ ജസ്പ്രീത് ബുമ്ര 50 റണ്‍സ് വഴങ്ങുന്നത് ഇതാദ്യം. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുമ്പ് ബുമ്രയുടെ മോശം ബൗളിംഗ് പ്രകടനം. 

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ട്വന്‍റി 20 ലോകകപ്പിന് തൊട്ടുമ്പ് ഒട്ടും ആശ്വാസമല്ല ഇന്ത്യന്‍ ബൗളര്‍മാരുടെ ഡെത്ത് ഓവര്‍ പ്രകടനം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പോലും മൂന്നാം ടി20യില്‍ അടിവാങ്ങിക്കൂട്ടുന്നതാണ് ആരാധകര്‍ കണ്ടത്. ബുമ്ര തന്‍റെ 4 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും ലഭിച്ചുമില്ല. രാജ്യാന്തര ടി20യില്‍ തന്‍റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണ് ബുമ്ര ഹൈദരാബാദില്‍ കാഴ്‌ചവെച്ചത്. 

രാജ്യാന്തര ടി20യില്‍ ജസ്പ്രീത് ബുമ്ര 50 റണ്‍സ് വഴങ്ങുന്നത് ഇതാദ്യം. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുമ്പ് ബുമ്രയുടെ മോശം ബൗളിംഗ് പ്രകടനം. എന്നാല്‍ അന്ന് രണ്ട് വിക്കറ്റ് വീഴ്‌ത്താന്‍ പേസര്‍ക്കായിരുന്നു. ഹൈദരാബാദില്‍ ഓസീസ് ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ ബുമ്രക്കെതിരെ 18 റണ്‍സ് ഡാനിയേല്‍ സാംസും ടിം ഡേവിഡും ചേര്‍ന്ന് അടിച്ചെടുത്തു. ഇതിന് തൊട്ടുമുമ്പുള്ള ഓവറില്‍ ബുമ്ര 17 റണ്‍സും വഴങ്ങി. തന്‍റെ ആദ്യ ഓവറില്‍ ബുമ്രയെ കാമറൂണ്‍ ഗ്രീന്‍ കണക്കിന് പ്രഹരിച്ചിരുന്നു. പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ബുമ്രയുടെ യോര്‍ക്കറുകള്‍ക്ക് മൂര്‍ച്ച പോരെന്ന് വ്യക്തം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് ബുമ്രയുടെ സമ്പാദ്യം എന്നതും നാണക്കേടാണ്. 

ഹൈദരാബാദ് ടി20യില്‍ ആറ് വിക്കറ്റ് ജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. 36 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 69 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 48 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറുകളോടെയും 63 റണ്‍സെടുത്ത വിരാട് കോലിയുമാണ് ബാറ്റിംഗില്‍ കരുത്തായത്. ഇരുവരും 104 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 16 പന്തില്‍ പുറത്താകാതെ 25* റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഫിനിഷര്‍. നേരത്തെ ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി അക്‌സര്‍ പട്ടേല്‍ തിളങ്ങിയിരുന്നു. 

ഹൈദരാബാദിലെ ത്രില്ലര്‍ ജയം; പാകിസ്ഥാന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ

click me!