Asianet News MalayalamAsianet News Malayalam

ഹൈദരാബാദിലെ ത്രില്ലര്‍ ജയം; പാകിസ്ഥാന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡ് രോഹിത്തിന്‍റെ സംഘം തകര്‍ത്തു

Team India beat Pakistan Cricket Team record with win in IND vs AUS 3rd T20I
Author
First Published Sep 26, 2022, 7:57 AM IST

ഹൈദരാബാദ്: ആദ്യ ടി20യില്‍ തോറ്റിടത്ത് നിന്ന് രണ്ടും മൂന്നും മത്സരങ്ങളില്‍ ത്രില്ലര്‍ ജയവുമായി പരമ്പര സ്വന്തമാക്കുക. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ രോഹിത് ശര്‍മ്മയും സംഘവും കാട്ടിയ അത്ഭുതമിതാണ്. ഹൈദരാബാദിലെ മൂന്നാം ടി20യില്‍ വിജയിച്ച് രോഹിത് ട്രോഫി ഉയര്‍ത്തിയപ്പോള്‍ ടീം ഇന്ത്യക്ക് സ്വന്തമായത് ഒരു സ്വപ്‌ന റെക്കോര്‍ഡ് കൂടിയാണ്. തകര്‍ത്തതാവട്ടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം 2021ല്‍ സ്ഥാപിച്ച റെക്കോര്‍‍ഡും. 

ഹൈദരാബാദിലെ വിജയത്തോടെ 2022ല്‍ ഇന്ത്യക്ക് 21 ടി20 ജയങ്ങളായി. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡ് രോഹിത്തിന്‍റെ സംഘം തകര്‍ത്തു. നേരത്തെ നാഗ്‌പൂരില്‍ നടന്ന രണ്ടാം ടി20യില്‍ ത്രില്ലര്‍ ജയവുമായി ടീം ഇന്ത്യ റെക്കോര്‍ഡ് ബുക്കില്‍ പാകിസ്ഥാന് ഒപ്പമെത്തിയിരുന്നു. 2021ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം 20 രാജ്യാന്തര ടി20കള്‍ വിജയിച്ചത്. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുടെ പരമ്പരയും പിന്നാലെ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ ഇന്ത്യന്‍ ടീം റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഉറപ്പായിരുന്നു. ലോകകപ്പ് തീരുന്നതോടെ റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം പാകിസ്ഥാനെ പിന്നിലാക്കാന്‍ ടീം ഇന്ത്യക്കായേക്കും. 

മെഹാലിയിലെ ആദ്യ ടി20യില്‍ നാല് വിക്കറ്റിന്‍റെ തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ നാഗ്‌പൂരില്‍ ഓസീസിനെതിരായ രണ്ടാം ടി20 അവസാന ഓവര്‍ ത്രില്ലറില്‍ ആറ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. ഹൈദരാബാദിലെ മൂന്നാം ടി20 സൂര്യകുമാര്‍ യാദവ്, വിരാട് കോലി, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ മികവില്‍ ആറ് വിക്കറ്റ് ജയത്തോടെ സ്വന്തമാക്കി ഇന്ത്യ പരമ്പരയും ചരിത്രനേട്ടവും സ്വന്തമാക്കുകയായിരുന്നു. 

ഹൈദരാബാദ് ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. 36 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 69 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സൂര്യക്കൊപ്പം 104 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച വിരാട് കോലി 48 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറുകളോടെയും 63 റണ്‍സെടുത്തു. 16 പന്തില്‍ പുറത്താകാതെ 25* റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ മത്സരം ഇന്ത്യക്കായി ഫിനിഷ് ചെയ്തു. നേരത്തെ ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി അക്‌സര്‍ പട്ടേല്‍ തിളങ്ങിയിരുന്നു. 

ആശാനെ പിന്തള്ളി ശിഷ്യന്‍; ദ്രാവിഡിന്‍റെ റെക്കോര്‍ഡ് പുഷ്‌പം പോലെ തകര്‍ത്ത് കോലി

Follow Us:
Download App:
  • android
  • ios