
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിട്ടും രണ്ടാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്ലാത്ത സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി ഇതിഹാസ താരം ഹര്‍ഭജന്‍ സിംഗ്. കുല്‍ദീപ് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ നേടാതിരിക്കുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്ന് ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് ഭാജി പറഞ്ഞു.
'കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത് ഇതോടെ നിര്‍ത്തണം. രണ്ട് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി അവസരം ലഭിക്കുമെന്ന് കുല്‍ദീപ് പ്രതീക്ഷിച്ചുകാണണം. ചിറ്റഗോങ് ടെസ്റ്റിന് മുമ്പ് സിഡ്‌നിയില്‍ വിദേശ സാഹചര്യത്തിലായിരുന്നു കുല്‍ദീപ് ഇതിന് മുമ്പ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവെച്ചത്. അന്ന് 99 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. വിദേശ പിച്ചുകളില്‍ ഒരുപക്ഷേ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്‌പിന്നര്‍ ആവേണ്ടയാളാണ് കുല്‍ദീപ്. എന്നാല്‍ ഒരു ടെസ്റ്റ് കളിക്കാന്‍ രണ്ട് വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. ഇപ്പോള്‍ വീണ്ടും രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കളിച്ചു. പിന്നാലെ ടീമില്‍ നിന്ന് പുറത്തായി. എട്ട് വിക്കറ്റ് നേടിയതിന് ശേഷം ടീമിലുള്‍പ്പെടുത്താതിരുന്നാല്‍ ആ താരം എന്ത് സുരക്ഷയാണ് ടീമില്‍ കാണുക. എപ്പോഴും ടീം മാനേജ്‌മെന്‍റ് ഇങ്ങനെ ചെയ്‌താല്‍ ഭയമില്ലാതെ അയാള്‍ക്ക് കളിക്കാനാകുമോ. ഞാനാരുടേയും പേര് പറയുന്നില്ല. ചില താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ ടെസ്റ്റില്‍ അവസരം ലഭിച്ചു. എന്നാല്‍ കുല്‍ദീപിന് അഞ്ച് ദിവസം മാത്രമായിരുന്നു അവസരം' എന്നും ഹര്‍ഭജന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വിമര്‍ശിച്ചു.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് നീണ്ട 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കുല്‍ദീപ് യാദവ് ചിറ്റഗോങ്ങില്‍ മടങ്ങിയെത്തിയത്. മടങ്ങിവരവില്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് പ്രകടനം 40/5 അടക്കം ആകെ എട്ട് വിക്കറ്റ് സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 40 റണ്‍സും നേടി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുൽദീപിന് പകരം പേസര്‍ ജയദേവ് ഉനദ്‌കട്ടിനാണ് ടീം അവസരം നൽകിയത്. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉനദ്‌കട്ട് ടെസ്റ്റ് മത്സരം കളിക്കുന്നത്. രണ്ട് വിക്കറ്റുമായി മടങ്ങി വരവ് ഗംഭീരമാക്കി താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!