ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇം​ഗ്ലണ്ടിന് കനത്ത തിരിച്ചടി; സൂപ്പർ താരം പിൻമാറി

By Web TeamFirst Published Jul 30, 2021, 11:09 PM IST
Highlights

കൊവിഡ് സാഹചര്യത്തിൽ കുടുംബവുമായി അകന്ന് പരിമിതമായ സ്വാതന്ത്ര്യത്തിൽ തുടർച്ചയായി ബയോ ബബ്ബിളിൽ കഴിയുന്നത് കളിക്കാരുടെ മാനസികാരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇസിബി മനസിലാക്കുന്നുവെന്നും അതിനാൽ കളിക്കാരുടെ മാനസികാരോ​ഗ്യത്തിനാണ് ബോർഡ് മുൻ​ഗണന നൽകുന്നതെന്നും ഇസിബി വ്യക്തമാക്കി.

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുത്ത ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യക്കെതിരായ പരമ്പരയിൽ കളിക്കില്ല. ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ഇം​ഗ്ലണ്ട് ടീമിൽ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയതായി ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്(ഇസിബി) അറിയിച്ചു.

സ്റ്റോക്സിന്റെ മാനസിക ആരോ​ഗ്യം കണക്കിെലടുത്തും അദ്ദേഹത്തിന്റെ വിരലിനേറ്റ പരിക്ക് ഭേദമാവാവും ടീമിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ഇസിബി അറിയിച്ചു. ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കാനുള്ള സ്റ്റോക്സിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്നും ഇസിബി അറിയിച്ചു. ഐപിഎല്ലിനിടെ വിരലിന് പരിക്കേറ്റ സ്റ്റോക്സ് ഈ മാസമാദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഇം​ഗ്ലണ്ട് ക്യാപ്റ്റനായി തിരിച്ചെത്തിയിരുന്നു.

കൊവിഡ് സാഹചര്യത്തിൽ കുടുംബവുമായി അകന്ന് പരിമിതമായ സ്വാതന്ത്ര്യത്തിൽ തുടർച്ചയായി ബയോ ബബ്ബിളിൽ കഴിയുന്നത് കളിക്കാരുടെ മാനസികാരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇസിബി മനസിലാക്കുന്നുവെന്നും അതിനാൽ കളിക്കാരുടെ മാനസികാരോ​ഗ്യത്തിനാണ് ബോർഡ് മുൻ​ഗണന നൽകുന്നതെന്നും ഇസിബി വ്യക്തമാക്കി.

സ്റ്റോക്സിന് ആവശ്യമുള്ള സമയം അവധിയെടുക്കാമെന്നും സ്റ്റോക്സിന്റെ പകരക്കാരനായി സോമർസെറ്റ് താരം ക്രെയ്​ഗ് ഓവർടണിനെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയെന്നും ഇസിബി വ്യക്തമാക്കി. അടുത്തമാസം നാലു മുതലാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയതാണ് പരമ്പര.

click me!