ഓപ്പണറുടെ റോളില്‍ ശുഭ്‌മാന്‍ ഗില്‍ ഫോം തുടരുമ്പോള്‍ ഇഷാന്‍ കിഷനെ എവിടെ കളിപ്പിക്കും എന്നതാണ് ചോദ്യം

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനം നാളെ നടക്കാനിരിക്കേ ശ്രദ്ധാകേന്ദ്രം ഇഷാന്‍ കിഷനാണ്. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഏകദിന ചരിത്രത്തിലെ വേഗമേറിയ ഇരട്ട ശതകം നേടിയിട്ടും ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ പുറത്തിരിക്കുകയായിരുന്നു ഇഷാന്‍ കിഷന്‍. 

ഓപ്പണറുടെ റോളില്‍ ശുഭ്‌മാന്‍ ഗില്‍ ഫോം തുടരുമ്പോള്‍ ഇഷാന്‍ കിഷനെ എവിടെ കളിപ്പിക്കും എന്നതാണ് ചോദ്യം. ലങ്കയ്ക്കെതിരെ 70, 21, 116 എന്നിങ്ങനെയാണ് ഗില്‍ നേടിയ സ്കോറുകള്‍. രോഹിത്-ഗില്‍ ഓപ്പണിംഗ് സഖ്യത്തെ പൊളിക്കാന്‍ ടീം തയ്യാറായേക്കില്ല. നായകന്‍ രോഹിത് ശര്‍മ്മ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ്. കെ എല്‍ രാഹുല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കിവികള്‍ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ എത്താനാണ് സാധ്യത. സ്ക്വാഡിലെ രണ്ടാം വിക്കറ്റ് കീപ്പറായ കെ എസ് ഭരത് ബഞ്ചിലിരുന്നേക്കും. മൂന്നാം നമ്പറില്‍ വിരാട് കോലി തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ പുറത്തായതോടെ നാലാം നമ്പറിലേക്ക് സൂര്യകുമാര്‍ യാദവ് എത്തും. ഇതോടെ മധ്യനിരയിലാവും ഇഷാന്‍ സ്ഥാനം എന്നുറപ്പാണ്. 

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ ഉച്ചകഴിഞ്ഞ് 1.30നാണ് ഇന്ത്യ-കിവീസ് ആദ്യ ഏകദിനം ആരംഭിക്കുക. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ടീം ഇന്ത്യയുടെ വരവ്. മത്സരത്തിന് മഴ ഭീഷണികളൊന്നുമില്ല. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്. 

ശ്രേയസിന് പകരക്കാരനാവാന്‍ കഴിയുമോ രജത് പടിദാറിന്?