Asianet News MalayalamAsianet News Malayalam

പൃഥ്വി ഷാ കാത്തിരിക്കണം, ഓപ്പണര്‍മാരെ പ്രഖ്യാപിച്ച് പാണ്ഡ്യ; രണ്ട് തലവേദന അവശേഷിക്കുന്നു

ട്വന്‍റി 20 ഫോര്‍മാറ്റില്‍ മികച്ച തുടക്കമല്ല ശുഭ്‌മാന്‍ ഗില്‍ നേടിയിരുന്നതെങ്കിലും നിലവില്‍ ഏകദിനത്തില്‍ കാഴ്‌ചവെക്കുന്ന ഫോമിനെ അവഗണിക്കാനാവില്ല

IND vs NZ 1st T20 Prithvi Shaw should wait Hardik Pandya confirms Shubman Gill to open with Ishan Kishan in Ranchi
Author
First Published Jan 26, 2023, 8:27 PM IST

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്‍റി 20യില്‍ ഇഷാന്‍ കിഷനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ച് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ഏറെ കാത്തിരിപ്പിനൊടുവില്‍ ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ ഇതോടെ പ്ലേയിംഗ് ഇലവനിലെത്താനും കാത്തിരിക്കണം എന്ന് ഉറപ്പായി. 'ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളതിനാല്‍ അദേഹത്തിനാണ് മുന്‍ഗണ. നിലവിലെ ഫോം അനുസരിച്ച് ഗില്‍ ഉറപ്പായും ടീമില്‍ കാണും' എന്നുമാണ് കിവീസിന് എതിരായ ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വാക്കുകള്‍. 

ട്വന്‍റി 20 ഫോര്‍മാറ്റില്‍ മികച്ച തുടക്കമല്ല ശുഭ്‌മാന്‍ ഗില്‍ നേടിയിരുന്നതെങ്കിലും നിലവില്‍ ഏകദിനത്തില്‍ കാഴ്‌ചവെക്കുന്ന ഫോമിനെ അവഗണിക്കാനാവില്ല എന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റ് കരുതുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക്കും പരിശീലകനും ഗില്ലില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമിന്‍റെ അടിസ്ഥാനത്തില്‍ ടീമില്‍ മടങ്ങിയെത്തിയ പൃഥ്വി ഷാ പവര്‍പ്ലേ ഓവറുകളില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരമാണെങ്കിലും കാത്തിരിക്കേണ്ടിവരും. പവര്‍പ്ലേയില്‍ 152.34 ആണ് ഷായുടെ സ്‌ട്രൈക്ക് റേറ്റ് എങ്കില്‍ ഗില്ലിന് 119.95 മാത്രമേയുള്ളൂ പ്രഹരശേഷി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ ഗില്ലിനെ ഫോമില്‍ നിലനിര്‍ത്തേണ്ടതും അവസരം നല്‍കുന്നതിന് പിന്നില്‍ ടീം മാനേജ്‌മെന്‍റിന്‍റെ മനസിലുണ്ടാകും. ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരില്‍ ആര് വേണം കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ആര് ഇലവനില്‍ എത്തണം എന്നീ രണ്ട് തലവേദനകള്‍ ടീമിന് അവശേഷിക്കുന്നുണ്ട്. 

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പര; റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ പ്രഖ്യാപിച്ചേക്കില്ല, കാരണമിത്

Follow Us:
Download App:
  • android
  • ios