Latest Videos

IND vs NZ : അശ്വിന്‍ വട്ടംകറക്കല്‍ തുടങ്ങി, കിവീസ് സമ്മര്‍ദത്തില്‍; കാണ്‍പൂര്‍ ടെസ്റ്റ് അവസാനദിനത്തിലേക്ക്

By Web TeamFirst Published Nov 28, 2021, 4:50 PM IST
Highlights

അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരുടെ മാസ്റ്റര്‍ ക്ലാസിന് പിന്നാലെ വാലറ്റവും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 284 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ വച്ചുനീട്ടുകയായിരുന്നു

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റില്‍(India vs New Zealand 1st Test ) 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡിനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ടീം ഇന്ത്യ(Team India). നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 4/1 എന്ന നിലയിലാണ് കിവികള്‍. ടോം ലാമും(Tom Latham) 2*, വില്യം സോമര്‍വില്ലുമാണ്(William Somerville) 0* ക്രീസില്‍. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ(Will Young) രവിചന്ദ്ര അശ്വിന്‍(Ravichandran Ashwin) എല്‍ബിയില്‍ കുടുക്കി. അവസാന ദിവസം ഒമ്പത് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ കിവികള്‍ക്ക് 280 റണ്‍സ് വേണം. 

അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരുടെ മാസ്റ്റര്‍ ക്ലാസിന് പിന്നാലെ വാലറ്റവും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 284 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ വച്ചുനീട്ടുകയായിരുന്നു. 49 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ 234-7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തു. രണ്ടാം ഇന്നിംഗ്‌സിലും ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ അര്‍ധ സെഞ്ചുറി നേടി. 

അയ്യര് ടെസ്റ്റ്

കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടിംഗ്‌സിലും ശ്രേയസ് അയ്യരുടെ ഇന്നിംഗ്‌സാണ് ടീം ഇന്ത്യക്ക് തുണയായത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 345 റണ്‍സില്‍ പുറത്തായപ്പോള്‍ ശ്രേയസ് 171 പന്തില്‍ 105 റണ്‍സെടുത്തു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമായി. ശുഭ്‌‌മാന്‍ ഗില്‍(52), രവീന്ദ്ര ജഡേജ(50) എന്നിവരുടെ ഇന്നിംഗ്‌സിലും ഇന്ത്യക്ക് തുണയായി. നായകന്‍ അജിങ്ക്യ രഹാനെ 35 റണ്‍സില്‍ വീണു. ന്യൂസിലന്‍ഡിനായി ടിം സൗത്തി അഞ്ചും കെയ്‌ല്‍ ജാമീസണ്‍ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് നേടി. 

അക്‌സറിന് അഞ്ച്

മറുപടി ബാറ്റിംഗില്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് 296ല്‍ പുറത്തായി. കിവീസ് ഓപ്പണര്‍മാരുടെ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് മൂന്നാം ദിനം ശക്തമായ തിരിച്ചുവരവ് കാഴ്‌ചവെക്കുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍. ഓപ്പണര്‍മാരായി ഇറങ്ങി 95 റണ്‍സെടുത്ത ടോം ലാഥമും 89 റണ്‍സെടുത്ത വില്‍ യങ്ങും മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍ 23 റണ്‍സ് നേടി. അക്‌സറിന്‍റെ അഞ്ചിന് പുറമെ രവിചന്ദ്ര അശ്വിന്‍ മൂന്നും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

വീണ്ടും അയ്യര്‍ 

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മായങ്ക് അഗര്‍വാള്‍ 17നും ശുഭ്‌മാന്‍ ഗില്‍ ഒന്നിനും ചേതേശ്വര്‍ പൂജാര 22നും അജിങ്ക്യ രഹാനെ നാലിനും വീണപ്പോള്‍ 125 പന്തില്‍ 65 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സിലും ശ്രേയസ് പ്രതിഭ കാട്ടി. രണ്ടിന്നിംഗ്‌സിലും സൗത്തിക്കായിരുന്നു അയ്യരുടെ വിക്കറ്റ്. പൂജാരയും(22), രഹാനെയും(4) വീണ്ടും നാണക്കേടായി. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ജഡേജ പൂജ്യത്തിലും മടങ്ങി. ശ്രേയസിന്‍റെ ഒപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍ അശ്വിന്‍റെ 35 റണ്‍സ് നിര്‍ണായകമായി.

സാഹ വക സഹായം 

ഇതോടൊപ്പം വാലറ്റത്ത് വൃദ്ധിമാന്‍ സാഹ-അക്‌സര്‍ പട്ടേല്‍ സഖ്യം ഇന്ത്യന്‍ ലീഡ് 250 കടത്തി. ഇന്ത്യ 234-7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്യുമ്പോള്‍ സാഹ 126 പന്തില്‍ 61 ഉം അക്‌സര്‍ 67 പന്തില്‍ 28 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ടിം സൗത്തിയും കെയ്‌ല്‍ ജാമീസണും മൂന്ന് വീതവും അജാസ് പട്ടേല്‍ ഒന്നും വിക്കറ്റ് നേടി. നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യയില്‍ ഒരു സന്ദര്‍ശക ടീമും ഇതുവരെ 276 റണ്‍സിലധികം വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. 

IND vs NZ : അരങ്ങുതകര്‍ത്ത അരങ്ങേറ്റം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ശ്രേയസ് അയ്യര്‍


 

click me!