ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി

കാണ്‍പൂര്‍: ടെസ്റ്റ് അരങ്ങേറ്റത്തില്‍(Debut Test) ആദ്യ ഇന്നിംഗ്‌സില്‍ ശതകവും രണ്ടാം ഇന്നിംഗ്‌സില്‍ 50+ സ്‌കോറും നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തില്‍ ശ്രേയസ് അയ്യര്‍(Shreyas Iyer). ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂര്‍ ടെസ്റ്റില്‍(India vs New Zealand 1st Test) ആദ്യ ഇന്നിംഗ്‌സില്‍ 105 റണ്‍സ് നേടിയ ശ്രേയസ് രണ്ടാം ഇന്നിംഗ്‌സില്‍ 65 റണ്‍സെടുത്തു. ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറ്റ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും പിന്നാലെ 50+ സ്‌കോറും നേടുന്ന പത്താം താരം കൂടിയാണ് ശ്രേയസ് അയ്യര്‍. 

ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ 1933/34 സീസണില്‍ ദില്‍വാര്‍ ഹുസൈന്‍(59, 57), വിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ 1970/71 സീസണില്‍ സുനില്‍ ഗാവസ്‌കര്‍(65, 67) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനമാണ് ശ്രേയസിനുള്ളത്. ശിഖര്‍ ധവാന്‍(187), രോഹിത് ശര്‍മ്മ(177), ശ്രേയസ് അയ്യര്‍(170) എന്നിങ്ങനെയാണ് റെക്കോര്‍ഡ് ബുക്കിലെ സ്ഥാനക്രമം. 

കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടിംഗ്‌സിലും ശ്രേയസ് അയ്യരുടെ ഇന്നിംഗ്‌സാണ് ടീം ഇന്ത്യക്ക് തുണയായത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 345 റണ്‍സില്‍ പുറത്തായപ്പോള്‍ ശ്രേയസ് 171 പന്തില്‍ 105 റണ്‍സെടുത്തു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമായി. ശുഭ്‌‌മാന്‍ ഗില്‍(52), രവീന്ദ്ര ജഡേജ(50) എന്നിവരുടെ ഇന്നിംഗ്‌സിലും ഇന്ത്യക്ക് തുണയായി. നായകന്‍ അജിങ്ക്യ രഹാനെ 35 റണ്‍സില്‍ വീണു. ന്യൂസിലന്‍ഡിനായി ടിം സൗത്തി അഞ്ചും കെയ്‌ല്‍ ജാമീസണ്‍ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് 296ല്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് പുരോഗമിക്കുകയാണ്. മായങ്ക് അഗര്‍വാള്‍ 17നും ശുഭ്‌മാന്‍ ഗില്‍ ഒന്നിനും ചേതേശ്വര്‍ പൂജാര 22നും അജിങ്ക്യ രഹാനെ നാലിനും വീണപ്പോള്‍ 125 പന്തില്‍ 65 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സിലും ശ്രേയസ് പ്രതിഭ കാട്ടി. രണ്ടിന്നിംഗ്‌സിലും സൗത്തിക്കായിരുന്നു അയ്യരുടെ വിക്കറ്റ്. 

INDvNZ : വീണ്ടും രക്ഷകനായി ശ്രേയസ്! കിവീസ് വിയര്‍ക്കുന്നു; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു