കിവികള്‍ക്കെതിരെ രണ്ടാം ട്വന്‍റി 20യില്‍ ഉമ്രാന്‍ മാലിക് വേണ്ടാ; പകരക്കാരെ നിര്‍ദേശിച്ച് വസീം ജാഫര്‍

By Web TeamFirst Published Jan 28, 2023, 10:24 AM IST
Highlights

റാഞ്ചിയില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ ഉമ്രാന്‍ മാലിക് 16 റണ്‍സ് വഴങ്ങിയിരുന്നു

ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരെ റാഞ്ചിയിലെ ആദ്യ ട്വന്‍റി 20യില്‍ പരാജയപ്പെട്ടതോടെ ലഖ്‌നൗവിലെ രണ്ടാം മത്സരം ടീം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമായിരിക്കുകയാണ്. ലഖ്‌നൗ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു നിര്‍ണായക മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. രണ്ടാം ടി20യില്‍ അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കേണ്ടതില്ല എന്നാണ് ജാഫറിന്‍റെ നിര്‍ദേശം. 

റാഞ്ചിയില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ ഉമ്രാന്‍ മാലിക് 16 റണ്‍സ് വഴങ്ങിയിരുന്നു. 'പേസ് വേരിയേഷനുകള്‍ വരുത്തിയില്ലെങ്കില്‍ ട്വന്‍റി 20യില്‍ ഉമ്രാന്‍ മാലിക് പ്രയാസപ്പെടും. റാഞ്ചിയില്‍ മികച്ച ഓപ്‌ഷനായ കട്ടറുകള്‍ എറിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇത്തരം പിച്ചുകളില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ എറിയുന്ന പന്ത് നേരിട്ട് ബാറ്റിലേക്കാണ് എത്തുക. ഉമ്രാന് പകരം ജിതേഷ് ശര്‍മ്മയോ പൃഥ്വി ഷായോയാണ് പ്ലേയിംഗ് ഇലവനില്‍ വരേണ്ടത്. ലോവര്‍ ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്താം എന്നതിനാല്‍ ജിതേഷിനാവണം പരിഗണന. ഒരു ബാറ്റര്‍ അധികമായി വരുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നാണ് തോന്നുന്നത്' എന്നും വസീം ജാഫര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

Latest Videos

റാഞ്ചി ട്വന്‍റി 20യില്‍ ടീം ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ 177 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 155 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇഷാന്‍ കിഷന്‍ നാലിനും ശുഭ്‌മാന്‍ ഗില്‍ ഏഴിനും രാഹുല്‍ ത്രിപാഠി പൂജ്യത്തിനും പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 47 റണ്‍സുമായി പൊരുതി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് 21 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദറിന്‍റെ പോരാട്ടമാണ് തോൽവിയുടെ ഭാരം കുറച്ചത്. വാഷിംഗ്ടൺ സുന്ദർ 28 പന്തിൽ 50 റൺസെടുത്തു. റാഞ്ചിയിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ കിവീസ് 1-0ന് മുന്നിലെത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ദേവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. കോണ്‍വേ 35 പന്തില്‍ 52 ഉം മിച്ചല്‍ 30 പന്തില്‍ 59 ഉം റണ്‍സെടുത്തു. ഫിന്‍ അലന്‍ 35ല്‍ മടങ്ങി. 17 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരാള്‍. ഇന്ത്യന്‍ പേസര്‍മാര്‍ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം സ്‌പിന്നര്‍മാര്‍ മികവ് കാട്ടി. 22ന് രണ്ട് പേരെ മടക്കിയ വാഷിംഗ്‌ടണ്‍ സുന്ദറും 20ന് ഒരാളെ പുറത്താക്കിയ കുല്‍ദീപ് യാദവും തിളങ്ങി. അതിവേഗ ബാറ്റിംഗുമായി ഡാരില്‍ മിച്ചലാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

'അവന്‍ വലിയ പ്രതീക്ഷ'; തോല്‍വിക്കിടയിലും ഒരു താരത്തിന് പ്രശംസയുമായി ഹാര്‍ദിക് പാണ്ഡ്യ

click me!