ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം ടീമിന് ആശങ്കയാകുന്നു. 

കൊളംബോ: ട്വന്റി ലോകകപ്പില്‍ പാകിസ്ഥാനെതിരായ തകര്‍പ്പന്‍ വിജയത്തിനിടെയും ഇന്ത്യക്ക് ആശങ്കയായി അഭിഷേക് ശര്‍മ്മയുടെ മങ്ങിയ ഫോം. ലോകകപ്പിലെ രണ്ട് കളിയിലും അഭിഷേക് പൂജ്യത്തിന് പുറത്തായി. ട്വന്റി 20 ക്രിക്കറ്റില്‍ ഏത് ബൗളറുടെയും പേടി സ്വപ്നമാണ് അഭിഷേക് ശര്‍മ. നേരിടുന്ന ആദ്യ പന്ത് മുതല്‍ സിക്‌സര്‍ പറത്താന്‍ ശേഷിയുള്ള ഓപ്പണര്‍. സമീപകാല ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വിജയത്തിന്റെ നെടുന്തൂണ്‍. എന്നാല്‍ ലോകകപ്പില്‍ അഭിഷേകിന്റെ റണ്‍വരള്‍ച്ച ഇന്ത്യക്കും ആരാധകര്‍ക്കും ഒരുപോലെ ആശങ്ക.

Add Asianetnews as a Preferred SourcegooglePreferred

ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ പുറത്തായ അഭിഷേക് പാകിസ്ഥാനെതിരായ ഹൈ വോള്‍ട്ടേജ് ഗെയ്മിലും ഡക്ക്. നേരിട്ടത് നാലുപന്തുമാത്രം. ഇതോടെ ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ട് കളിയിലും ഡക്കാവുന്ന മൂന്നാമത്തെ താരവുമായി അഭിഷേക്. മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയും ബംഗ്ലാദേശിന്റെ ഇമ്രുല്‍ ഖായിസും ലോകകപ്പ് കരിയറില്‍ ഒറ്ററണ്‍പോലും നേടിയിട്ടില്ല എന്നതും കൗതുകം. അഭിഷേക് അവസാന ആറ് ഇന്നിംഗ്‌സില്‍ നേടിയത് 98 റണ്‍സ് മാത്രം. പുറത്താവാതെ 68 റണ്‍സും പിന്നെ ഒരു 30 റണ്‍സും.

ശേഷിച്ച നാല് ഇന്നിംഗ്‌സിലും അഭിഷേക് പൂജ്യത്തിന് പുറത്തായെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അസുഖം കാരണം അഭിഷേക് പുറത്തിരുന്നപ്പോള്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു. പാകിസ്ഥാനെതിരെ അഭിഷേക് തിരിച്ചെത്തിയപ്പോള്‍ സഞ്ജു വീണ്ടും ബെഞ്ചിലായി. 2024ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശര്‍മ്മ വിരമിച്ചതോടെ ഇന്ത്യന്‍ ഓപ്പണറായ അഭിഷേക് 40 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 1297 റണ്‍സ് നേടിയിട്ടുണ്ട്.

YouTube video player