റാഞ്ചിയിലെ തോല്‍വി; പഴിയെല്ലാം ബൗളര്‍മാരുടെ തലയിലിട്ട് ഹാര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ സ്വയം മറക്കുന്നോ?

By Web TeamFirst Published Jan 28, 2023, 9:22 AM IST
Highlights

ന്യൂസിലന്‍ഡിനെതിരെ റാഞ്ചിയില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പറഞ്ഞിരിക്കുകയാണ് മത്സര ശേഷം പാണ്ഡ്യ

റാഞ്ചി: ടീമാകെ മാറിയെങ്കിലും ന്യൂസിലന്‍ഡിനെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിന്റെ തെല്ല് ആത്മവിശ്വാസം പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് റാഞ്ചി ട്വന്റി 20യില്‍ കണ്ടില്ല. സ്പിന്നര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ പേസര്‍മാര്‍ റണ്‍സ് വഴങ്ങാന്‍ ഒരു മടിയും കാണിച്ചില്ല. ബാറ്റിംഗിലേക്ക് വന്നാല്‍ ടോപ് ത്രീ വിക്കറ്റ് തുടക്കത്തിലെ വലിച്ചെറിഞ്ഞപ്പോള്‍ പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ന്യൂസിലന്‍ഡിനെതിരെ റാഞ്ചിയില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പറഞ്ഞിരിക്കുകയാണ് മത്സര ശേഷം പാണ്ഡ്യ. എന്നാല്‍ തന്‍റെ മോശം പ്രകടനത്തെ പാണ്ഡ്യ പരാമര്‍ശിച്ചില്ല. 

'വിക്കറ്റ് ഇങ്ങനെ പ്രതികരിക്കുമെന്ന് ആരും കരുതിയില്ല. ഇരു ടീമുകളും അമ്പരന്നു. എന്നാല്‍ ന്യൂസിലന്‍ഡ് മികച്ച കളി പുറത്തെടുത്തതോടെ ജയം അവരുടേതായി. പഴയ പന്തിനേക്കാള്‍ ന്യൂ ബോള്‍ ടേണ്‍ ചെയ്തതത് അത്ഭുതപ്പെടുത്തി. ബൗണ്‍സും അധികമായിരുന്നു. ഞാനും സൂര്യകുമാറും ബാറ്റ് ചെയ്യുമ്പോള്‍ മത്സരത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. 177 റണ്‍സ് എടുക്കേണ്ട വിക്കറ്റാണ് ഇതെന്ന് തോന്നുന്നില്ല. ബൗളിംഗില്‍ നമ്മള്‍ മോശമായിരുന്നു. ശരാശരിയേക്കാള്‍ 25 റണ്‍സ് അധികം വിട്ടുകൊടുത്തു' എന്നും പാണ്ഡ്യ വ്യക്തമാക്കി. 

ഉത്തരവാദിത്തം പാണ്ഡ്യക്കും

ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സ് 20 ഓവറില്‍ 9 വിക്കറ്റിന് 155 റണ്‍സില്‍ അവസാനിച്ചു. സൂര്യ 34 പന്തില്‍ 47 റണ്‍സ് എടുത്തപ്പോള്‍ പാണ്ഡ്യ 20 പന്തില്‍ വെറും 21 റണ്‍സുമായി മടങ്ങി. 28 പന്തില്‍ 50 റണ്‍സെടുത്ത വാഷിംഗ്ടണിന്റെ പോരാട്ടമാണ് തോല്‍വി ഭാരം കുറച്ചത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ ഏഴും ഇഷാന്‍ കിഷന്‍ നാലും മൂന്നാമന്‍ രാഹുല്‍ ത്രിപാഠി പൂജ്യത്തിലും മടങ്ങി. നേരത്തെ മൂന്ന് ഓവര്‍ എറിഞ്ഞ പാണ്ഡ്യ 33 ഉം നാല് ഓവറില്‍ അര്‍ഷ്ദീപ് 51 ഉം ഉമ്രാന്‍ മാലിക് ഒരോവറില്‍ 16 ഉം ശിവം മാവി 2 ഓവറില്‍ 19 ഉം റണ്‍സ് വഴങ്ങി. വാഷിംഗ്ടണ്‍ 22ന് രണ്ടും കുല്‍ദീപ് 20 ന് ഒന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ഹൂഡ രണ്ട് ഓവറില്‍ 14 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. അടിവാങ്ങിയെങ്കിലും ഉമ്രാനെ പിന്നീട് പന്തെറിയിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 

'അവന്‍ വലിയ പ്രതീക്ഷ'; തോല്‍വിക്കിടയിലും ഒരു താരത്തിന് പ്രശംസയുമായി ഹാര്‍ദിക് പാണ്ഡ്യ

click me!