IND vs NZ | കമന്‍റേറ്റര്‍മാര്‍ക്ക് എത്തുംപിടുത്തവും കിട്ടിയില്ല, ഹര്‍ഷല്‍ പട്ടേലിന്‍റെ വിക്കറ്റിലെ നിഗൂഢത

By Web TeamFirst Published Nov 22, 2021, 12:42 PM IST
Highlights

കമന്‍റേറ്റര്‍മാര്‍ക്ക് പോലും പിടിത്തംകൊടുക്കാതെ ഒരു പുറത്താകല്‍, കാര്യം പിടികിട്ടാതെ ആരാധകര്‍. 

കൊല്‍ക്കത്ത: ബാറ്റര്‍ ഹിറ്റ് വിക്കറ്റായി(Hit Wicket) പുറത്താകുന്നത് അപൂര്‍വമെങ്കിലും ക്രിക്കറ്റില്‍ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ ഹിറ്റ് വിക്കറ്റായിട്ടും കമന്‍റേറ്റര്‍മാര്‍ക്ക് പോലും കാര്യം പിടികിട്ടാത്ത സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍(India vs New Zealand 3rd T20I) ഇന്ത്യന്‍(Team India) വാലറ്റക്കാരന്‍ ഹര്‍ഷല്‍ പട്ടേലാണ്(Harshal Patel) കമന്‍റേറ്റര്‍മാര്‍ക്ക് പോലും പിടിത്തംകൊടുക്കാതെ ഏറ്റവും വിചിത്രമായ രീതിയില്‍ പുറത്തായത്. 

രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുകയായിരുന്നു ഹര്‍ഷല്‍ പട്ടേല്‍. എട്ടാമനായി ക്രീസിലെത്തിയ താരം വെടിക്കെട്ട് കാഴ്‌ചവെച്ചെങ്കിലും പുറത്തായ രീതി കമന്‍റേറ്റര്‍മാര്‍ക്ക് പിടികിട്ടിയില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാം ഓവറില്‍ ആദ്യ പന്ത് സിക്‌സര്‍ പറത്തി ഹര്‍ഷല്‍ തുടങ്ങി. രണ്ടാം പന്ത് മിസായപ്പോള്‍ മൂന്നാമത്തേതില്‍ താരം ഹിറ്റ് വിക്കറ്റായി. 

ബാക്ക്‌ഫൂട്ടില്‍ ക്രീസിലേക്കിറഞ്ഞി കട്ട് ഷോട്ട് കളിക്കാനായിരുന്നു ഹര്‍ഷല്‍ പട്ടേലിന്‍റെ ശ്രമം. എന്നാല്‍ താരത്തിന്‍റെ ബാറ്റ് കൊണ്ട് ബെയ്‌ല്‍ തെറിച്ചു. പിന്നാലെ ഹര്‍ഷല്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുനടക്കുകയും ന്യൂസിലന്‍ഡ് താരങ്ങള്‍ ആഘോഷം തുടങ്ങുകയും ചെയ്തു. എന്നാല്‍ ഹിറ്റ് വിക്കറ്റായത് ദൃശ്യങ്ങളിലില്ലായിരുന്നു. ഇതോടെ കമന്‍റേറ്റര്‍മാരും ആരാധകരും സംശയിച്ചു. പന്ത് ബാറ്റില്‍ത്തട്ടിയാവാം വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയത് എന്നാണ് ഏവരും വിശ്വസിച്ചത്.

എന്നാല്‍ എഡ്‌ജായല്ല, ഹിറ്റ് വിക്കറ്റായാണ് ഹര്‍ഷല്‍ പുറത്തായത് എന്ന് റിപ്ലേയില്‍ വ്യക്തമായതോടെ ആശയക്കുഴപ്പം അവസാനിച്ചു. ഇതോടെ ഒരു നാണക്കേട് ഹര്‍ഷലിന്‍റെ പേരിനൊപ്പമായി. രാജ്യാന്തര ടി20യില്‍ കെ എല്‍ രാഹുലിന് ശേഷം ഹിറ്റ് വിക്കറ്റാകുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. എന്നാല്‍ 11 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമായി ഹര്‍ഷലിന്‍റെ വെടിക്കെട്ട് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി.  

pic.twitter.com/eelIHt718i

— Simran (@CowCorner9)

കൊല്‍ക്കത്തയിലെ മൂന്നാം ടി20യിൽ 73 റൺസിന് വിജയിച്ചതോടെ ഇന്ത്യ ടി20 പരമ്പര തൂത്തുവാരി. ഇന്ത്യയുടെ 184 റൺസ് പിന്തുടർന്ന കിവീസിന് 111 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ഇന്ത്യ-184/7 (20), ന്യൂസിലന്‍ഡ്-111 (17.2). നേരത്തെ ജയ്‌പൂരില്‍ അഞ്ച് വിക്കറ്റിനും റാഞ്ചിയില്‍ ഏഴ് വിക്കറ്റിനും രോഹിത്തും സംഘവും വിജയിച്ചിരുന്നു. മൂന്ന് ഓവറില്‍ വെറും 9 റണ്‍സിന് 3 വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ കളിയിലെയും ഒരിക്കല്‍ക്കൂടി അര്‍ധ ശതകം നേടിയ രോഹിത് ശര്‍മ്മ( 31 പന്തില്‍ 56) പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

INDvNZ| ന്യൂസിലന്‍ഡിനെതിരെ പരമ്പര നേട്ടം; പുതിയ നേട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനൊപ്പം, റെക്കോഡുകളിങ്ങനെ

click me!