മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. കൊല്‍ക്കത്തയില്‍ (Kolkata) നടന്ന അവസാന മത്സരത്തില്‍ 73 റണ്‍സിന്റെ കുറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരെ (New Zealand) ഒരിക്കല്‍കൂടി ഇന്ത്യ (Team India) പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ കിവീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കുന്നത്. ഇത്തവണ സമ്പൂര്‍ണാധിപത്യമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. കൊല്‍ക്കത്തയില്‍ (Kolkata) നടന്ന അവസാന മത്സരത്തില്‍ 73 റണ്‍സിന്റെ കുറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റംഗില്‍ ന്യൂസിലന്‍ഡ് 17.2 ഓവറില്‍ 111ന് എല്ലാവരും പുറത്തായി.

ഇതോടെ ചില നേട്ടങ്ങളും ഇന്ത്യയെ തേടിയെത്തി. ഏറ്റവും കൂടുതല്‍ ടി20 പരമ്പരയില്‍ സമ്പൂര്‍ണവിജയം നേടുന്ന കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനൊപ്പമെത്തി (Pakistan). മൂന്നോ അതിലധികമോ മത്സരങ്ങളുള്ള പരമ്പരയാണ് കണക്കിലെടുക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ആറ് വീതം പരമ്പരകളില്‍ സമ്പൂര്‍ണവിജയം നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അഫ്ഗാനിസ്ഥാനാണ് തൊട്ടടുത്ത്. അഞ്ച് പരമ്പരകളില്‍ അവര്‍ സമ്പൂര്‍ണജയം നേടി. ഇംഗ്ലണ്ട് (4), ദക്ഷിണാഫ്രിക്ക (3) എന്നിവരാണ് പിന്നീടുള്ള ടീമുകള്‍. 

2016ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണജയം. അതും ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ 3-0ത്തിന തോല്‍പ്പിച്ചു. പിന്നാലെ 2017ല്‍ ശ്രീലങ്കയെ ഇതേ മാര്‍ജിനില്‍ മറികടന്നു. അടുത്ത രണ്ട് പരമ്പര നേട്ടങ്ങളും വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. 2018ല്‍ ഇന്ത്യയിലും തൊട്ടടുത്ത വര്‍ഷം വിന്‍ഡീസിന്റെ ഗ്രൗണ്ടിലും ഇന്ത്യ സമ്പൂര്‍ണജയം നേടി. 2020ല്‍ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ 5-0ത്തിന് തകര്‍ത്തു. ഇപ്പോള്‍ ഇതും ഇന്ത്യയുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടു.

ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. 2010ല്‍ പാകിസ്ഥാനെതിരെയാണ് അവര്‍ ഏറ്റവും വലിയ തോല്‍വി നേരിട്ടത്. അന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ 103 റണ്‍സിനായിരുന്നു തോല്‍വി. 2017ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓക്‌ലന്‍ഡില്‍ 78 റണ്‍സിന് പരാജയപ്പെട്ടത് രണ്ടാമതായി വരും. 2019ല്‍ നേപ്പിയറില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വി 76 റണ്‍സിനായിരുന്നു. ഇന്നലെ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ 76 റണ്‍സിനും ടീം പരാജയപ്പെട്ടു.