'തല'യ്ക്ക് മുകളില്‍ ഹിറ്റ്‌മാന്‍; സാക്ഷാല്‍ എം എസ് ധോണിയുടെ റെക്കോര്‍‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

By Jomit JoseFirst Published Sep 28, 2022, 10:45 PM IST
Highlights

ഗ്രീന്‍ഫീല്‍ഡിലെ ജയത്തോടെ നായകന്‍ രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ മറ്റൊരു പെന്‍തൂവല്‍ കൂടിയായി

കാര്യവട്ടം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല. കാര്യവട്ടം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടുന്നതിനാണ് ആരാധകര്‍ സാക്ഷികളായത്. ബൗളിംഗില്‍ അര്‍ഷ്‌ദീപ് സിംഗും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ വിസ്‌മയ ഫോം തുടര്‍ന്ന് സൂര്യകുമാര്‍ യാദവും ഓപ്പണര്‍ കെ എല്‍ രാഹുലുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 

ഗ്രീന്‍ഫീല്‍ഡിലെ ജയത്തോടെ നായകന്‍ രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ മറ്റൊരു പെന്‍തൂവല്‍ കൂടിയായി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് ഹിറ്റ്‌മാന്‍ പേരിലാക്കിയത്. എം എസ് ധോണി 2016ല്‍ നേടിയ 15 വിജയങ്ങളുടെ റെക്കോര്‍ഡ് മറികടന്ന് രോഹിത് ശര്‍മ്മ തന്‍റെ സമ്പാദ്യം 16 വിജയങ്ങളിലെത്തിച്ചു. പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങളും പിന്നാലെ ടി20 ലോകകപ്പും വരാനുള്ളതിനാല്‍ രോഹിത് ശര്‍മ്മയ്‌ക്ക് ധോണിയെ റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം പിന്തള്ളാനായേക്കും. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ 106 റണ്‍സ് 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ രണ്ട് പന്തില്‍ പൂജ്യത്തിനും വിരാട് കോലി 9 പന്തില്‍ മൂന്നിനും മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സൂര്യ 33 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം പുറത്താകാതെ 50 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കെ എല്‍ രാഹുല്‍ 56 പന്തില്‍ 2 ഫോറും 4 സിക്‌സും സഹിതം പുറത്താകാതെ 51ഉം നേടി. ഷംസിയെ സിക്‌സര്‍ പറത്തി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാഹുല്‍. 

നേരത്തെ നാല് ഓവറില്‍ അര്‍ഷ്‌ദീപ് സിംഗും(32-3), ഹര്‍ഷല്‍ പട്ടേലും(26-2), ദീപക് ചാഹറും(24-2), അക്‌സര്‍ പട്ടേലുമാണ്(16-1) പ്രോട്ടീസിനെ 20 ഓവറില്‍ വെറും 106-8 എന്ന നിലയില്‍ ചുരുട്ടിക്കെട്ടിയത്. നാല് ഓവര്‍ എറിഞ്ഞ രവിചന്ദ്ര അശ്വിന്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തതും നിര്‍ണായകമായി. എട്ടാമനായി ഇറങ്ങി 35 പന്തില്‍ 41 റണ്‍സെടുത്ത സ്‌പിന്നര്‍ കേശവ് മഹാരാജാണ് പ്രോട്ടീസിന്‍റെ ടോപ്പര്‍. എയ്‌ഡന്‍ മാര്‍ക്രാം(24 പന്തില്‍ 25), വെയ്‌ന്‍ പാര്‍ണല്‍(37 പന്തില്‍ 24) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റുള്ളവര്‍. 

സ്വിംഗ് പിച്ചില്‍ കിംഗായി ഇന്ത്യ, ഒടുവില്‍ 'സൂര്യ ഫെസ്റ്റിവല്‍'; കാര്യവട്ടത്ത് 8 വിക്കറ്റ് വിജയം

click me!