കാര്യവട്ടത്ത് വെടിക്കെട്ട് കാഴ്‌ചവെക്കാന്‍ റിഷഭ് പന്തും? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

By Jomit JoseFirst Published Sep 27, 2022, 4:51 PM IST
Highlights

ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും ടീം സെലക്ഷനില്ല എന്നതാണ് പ്രധാന കുരുക്ക്

തിരുവനന്തപുരം: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക കാര്യവട്ടം ടി20 നാളെയാണ്. എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ അലട്ടുന്നത് പതിവുപോലെ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തുക എന്നതാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഭുവനേശ്വര്‍ കുമാറും വിശ്രമത്തിലായ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ഇലവനിലെത്താന്‍ മത്സരത്തിലുള്ളത്. 

ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും ടീം സെലക്ഷനില്ല എന്നതാണ് പ്രധാന കുരുക്ക്. ഇതോടെ അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനിലേക്ക് ഇന്ത്യക്ക് എത്തേണ്ടിവന്നേക്കാം. അല്ലെങ്കില്‍ അധിക ബൗളിംഗ് ഓള്‍റൗണ്ടറെ കണ്ടെത്തണം. ഹാര്‍ദിക്കിന്‍റെ സ്ഥാനത്ത് റിഷഭ് പന്ത് ഇടംപിടിച്ചേക്കും. ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചപ്പോള്‍ റിഷഭായിരുന്നു ഇറങ്ങിയത്. ലോകകപ്പ് ഇലവനിലെത്താന്‍ അങ്ങനെയെങ്കില്‍ പ്രകടനം റിഷഭിന് നിര്‍ണായകമാകും. ഇങ്ങനെ വന്നാല്‍ അഞ്ച് ബൗളര്‍മാരെയും ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിനെയും കളിപ്പിക്കേണ്ടിവന്നേക്കും. 

പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമമായതിനാല്‍ അര്‍ഷ്‌ദീപ് സിംഗിനും അവസരമൊരുങ്ങും. ഓസീസിനെതിരായ മൂന്ന് മത്സരങ്ങളും അര്‍ഷ്‌ദീപിന് നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയെങ്കിലും ഡെത്ത് ഓവറിലെ തലവേദന കുറയ്ക്കാന്‍ അര്‍ഷ്‌ദീപിന്‍റെ വരവ് സഹായമാകുമോ എന്ന ആകംക്ഷയുണ്ട്. മുമ്പ് ‍ഡെത്ത് ഓവറുകളില്‍ തിളങ്ങിയിട്ടുണ്ട് അര്‍ഷ്‌ദീപ്. അധിക ബൗളിംഗ് ഓപ്‌ഷന്‍ വേണമെങ്കില്‍ ദീപക് ചാഹര്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവരും സ്ക്വാഡിലുണ്ട്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര. 

കോലിയുടെ പഴയ ശൈലി മടങ്ങിയെത്തി; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കര്‍

click me!