
ഡര്‍ബന്‍: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങും മുമ്പ് സസ്‌പെന്‍സ് നിറച്ച് ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍ ഡര്‍ബനില്‍. ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിനൊപ്പം സര്‍ഫറാസിനെ ഉള്‍പ്പെടുത്തും എന്ന അഭ്യൂഹം ഉയര്‍ന്നെങ്കിലും പിന്നാലെ സത്യം പുറത്തായി. ദക്ഷിണാഫ്രിക്ക എയെ നേരിടുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരാനാണ് സര്‍ഫറാസ് ഖാന്‍ പ്രോട്ടീസ് മണ്ണിലെത്തിയത്. രണ്ട് നാലുദിന മത്സരങ്ങളാണ് ഇന്ത്യ എയ്‌ക്ക് ദക്ഷിണാഫ്രിക്കയിലുള്ളത്.
എന്നാല്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ട് ചതുര്‍ദിന കളികളില്‍ ആദ്യ മത്സരത്തില്‍ മാത്രമേ സര്‍ഫറാസ് ഖാന്‍ കളിക്കുകയുള്ളൂ. രണ്ടാം മത്സരത്തിനുള്ള സ്‌ക്വാഡില്‍ സര്‍ഫറാസിന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന സര്‍ഫറാസിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം നാളുകളായുണ്ട്. 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഇരുപത്തിയാറുകാരനായ സര്‍ഫറാസ് ഖാന് 71.78 ശരാശരിയില്‍ 69.10 റണ്‍സ് സമ്പാദ്യമുണ്ട്. 13 സെഞ്ചുറികള്‍ നേടിയിട്ടും താരം ടെസ്റ്റ് ടീമിന് പുറത്താണ്.
ഇന്ത്യ എയുടെ ആദ്യ ചതുര്‍ദിന മത്സരം ഡിസംബര്‍ 11നും രണ്ടാമത്തേത് 26നും ആരംഭിക്കും. ഇതിനിടയില്‍ ഡിസംബര്‍ 20-22 ദിനങ്ങളില്‍ എ ടീം താരങ്ങള്‍ക്ക് സീനിയര്‍ ടീമിനൊപ്പം ഇന്‍ട്രാ സ്‌ക്വാഡ് മത്സരവുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ മൂന്ന് വീതം ട്വന്‍റി 20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യന്‍ സീനിയര്‍ ടീമിനുള്ളത്. ഡര്‍ബനില്‍ ഞായറാഴ്‌ച ഡിസംബര്‍ 10ന് മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയോടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ 12, 14 തിയതികളിലാണ് രണ്ടും മൂന്നും ടി20 മത്സരങ്ങള്‍. ഡിസംബര്‍ 17, 19, 21 തിയതികളിലായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടക്കും. ഡിസംബര്‍ 26ന് ഒന്നാം ടെസ്റ്റും 2024 ജനുവരി 3ന് അവസാന ടെസ്റ്റും തുടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം