ചില താരങ്ങള്‍ എന്നാല്‍ നനയാന്‍ തന്നെ തീരുമാനിച്ചു. ഓടി ബസിലേക്ക് കയറുകയാണ് ഇവര്‍ ചെയ്‌തത്, കാണാം വീഡിയോ

ഡര്‍ബന്‍: മുഴുനീള പരമ്പരയ്‌ക്കായി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. ഡര്‍ബനില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ ടീമിനെ കാത്തിരുന്നത് ആവേശ സ്വീകരണത്തിനൊപ്പം കനത്ത മഴയുമായിരുന്നു. ഇതോടെ ലഗേജുകള്‍ കുടയാക്കി മാറ്റിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് പോകാന്‍ ടീം ബസിലേക്ക് പ്രവേശിച്ചത്. ചില താരങ്ങള്‍ എന്നാല്‍ നനയാന്‍ തന്നെ തീരുമാനിച്ചു. ബസിലേക്ക് ഓടിക്കയറുകയാണ് ഇവര്‍ ചെയ്‌തത്. ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പര 4-1ന് വിജയിച്ചതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ മണ്ണിലെത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ താരങ്ങള്‍ ഡര്‍ബനിലെത്തിയ വീഡിയോ ബിസിസിഐ പങ്കുവെച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, റിങ്കു സിംഗ്, അര്‍ഷ്‌ദീപ് സിംഗ്, രവി ബിഷ്‌ണോയി തുടങ്ങിയ താരങ്ങളെ ദൃശ്യങ്ങളില്‍ കാണാം. 

Scroll to load tweet…

ഡര്‍ബനില്‍ ഞായറാഴ്‌ച ഡിസംബര്‍ 10ന് മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ആരംഭിക്കുന്നത്. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നായകന്‍. ഡിസംബര്‍ 12, 14 തിയതികളിലാണ് രണ്ടും മൂന്നും ടി20 മത്സരങ്ങള്‍. ഡിസംബര്‍ 17, 19, 21 തിയതികളിലായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടക്കും. ഏകദിനത്തില്‍ കെ എല്‍ രാഹുലാണ് ടീം നായകന്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഏകദിന ടീമിലുണ്ട്. ഡിസംബര്‍ 26ന് ഒന്നാം ടെസ്റ്റും 2024 ജനുവരി 3ന് അവസാന ടെസ്റ്റും തുടങ്ങും. ടെസ്റ്റില്‍ പതിവ് നായകന്‍ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍. 

ദക്ഷിണാഫ്രിക്കയില്‍ ജയിക്കുക ഇന്ത്യന്‍ ടീമിന് അത്ര എളുപ്പമായിരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയിൽ കളിച്ചത് 2021-2022ലാണ്. അന്ന് ടെസ്റ്റ് പരമ്പര 2-1നും ഏകദിന പരമ്പര 3-0നും ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.

Read more: 'അത്ര കിനാവ് കണ്ട് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ വരേണ്ട, പണി പാളും'; ശക്തമായ മുന്നറിയിപ്പുമായി ജാക്ക് കാലിസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം