വിരാട് കോലിക്ക് ഏഴാം ഡബിള്‍; റെക്കോര്‍ഡ്; ഇന്ത്യ ഹിമാലയന്‍ സ്‌കോറിലേക്ക്

By Web TeamFirst Published Oct 11, 2019, 2:46 PM IST
Highlights

രണ്ടാം ദിനം വിരാട് കോലി റണ്‍മല പണിയുന്നതാണ് പൂണെയില്‍ ദൃശ്യമാകുന്നത്

പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പൂണെ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് പൂരം. കോലി 295 പന്തില്‍ ഏഴാം ഡബിള്‍ സെഞ്ചുറി പേരിലാക്കി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. രണ്ടാം ദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യ 483/4 എന്ന മികച്ച സ്‌കോറിലാണ്. കോലിക്കൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസില്‍. ഹിമാലയന്‍ സ്‌കോറിലേക്കാണ് ടീം ഇന്ത്യ നീങ്ങുന്നത്.  

കിംഗ് കോലിയുടെ ദിനം

രണ്ടാം ദിനം വിരാട് കോലി റണ്‍മല പണിയുന്നതാണ് പൂണെയില്‍ ദൃശ്യമാകുന്നത്. അജിങ്ക്യ രഹാനെയ്‌ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ കോലി 173 പന്തുകളില്‍ 26-ാം ടെസ്റ്റ് ശതകത്തിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഹോം ടെസ്റ്റില്‍ കോലിയുടെ ആദ്യ ശതകമാണിത്. ഈ വര്‍ഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ നൂറ് തികയ്‌ക്കുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിലും മൂന്നക്കം തികയ്‌ക്കാന്‍ കോലിക്കായിരുന്നില്ല. 

ഇന്ത്യ 273-3 എന്ന നിലയിലാണ് രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. വിരാട് കോലിയും അജിങ്ക്യ രഹാനെയും നാലാം വിക്കറ്റില്‍ 178 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി രണ്ടാം ദിനം ഇന്ത്യയുടേതാക്കി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്. രഹാനെയെ 59ല്‍ നില്‍ക്കേ പുറത്താക്കി കേശവ് മഹാരാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ കുതിപ്പ് തുടരുന്ന കോലിയും പിന്തുണച്ച് ജഡേജയും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയാണ്. ഇതിനിടെ 7000 ടെസ്റ്റ് റണ്‍സും കോലി തികച്ചു.

വീണ്ടും മിന്നലായി മായങ്ക്, ആദ്യ ദിനം ഇന്ത്യയുടേത്

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. അഗര്‍വാള്‍ 195 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സുകളും
സഹിതം 108 റണ്‍സെടുത്തു. ടെസ്റ്റ് കരിയറില്‍ മായങ്കിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. ചേതേശ്വര്‍ പൂജാര(58), രോഹിത് ശര്‍മ്മ(14) എന്നിവരാണ് ആദ്യ ദിനം പുറത്തായ മറ്റ്
ബാറ്റ്സ്‌മാന്‍മാര്‍. മൂന്ന് വിക്കറ്റും വീഴ്ത്തിയത് പേസര്‍ കാഗിസോ റബാഡയാണ്. 

click me!