180ന് മുകളിൽ റൺ പിറക്കുമെന്ന പ്രവചനം 'തള്ളോ'?; കാര്യവട്ടത്തെ പിച്ചിൽ ഒളിച്ചിരിക്കുന്ന ഭൂതം, ചർച്ച

By Web TeamFirst Published Sep 28, 2022, 11:26 PM IST
Highlights

മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റർ പറഞ്ഞിരുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തെയെന്നായിരുന്നു പ്രവചനം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയെങ്കിലും കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് ഉയരുന്നത് വലിയ ചർച്ചകൾ. മത്സരത്തിന് മുമ്പ് റൺ ഒഴുകുമെന്ന പറഞ്ഞ പിച്ചിൽ രണ്ടു ടീമുകളുകളെയും ഏറ്റവും ശക്തരായ ബാറ്റർമാർ വരെ വെള്ളം കുടിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ട്വന്റി 20 ക്രിക്കറ്റിന്റെ ചടുല താളത്തിലേക്ക് മത്സരം കടക്കാതിരുന്നതിൽ പിച്ചിന്റെ പങ്ക് തന്നെയാണ് എടുത്ത് പറയേണ്ടത്.

മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റർ പറഞ്ഞിരുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തെയെന്നായിരുന്നു പ്രവചനം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്.  കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്.

ഗ്രീന്‍ഫീല്‍ഡില്‍ തയാറാക്കിയിട്ടുള്ള വിക്കറ്റുകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തണ്ണിമത്തന്‍ വിളഞ്ഞുകിടക്കുന്നതായിരുന്നു കുറച്ചുനാള്‍ മുമ്പ് ഗ്രീന്‍ഫീല്‍ഡിലെ കാഴ്‌ച്ച. ആകെമൊത്തം കാടുപിടിച്ച് പേരിലും ലുക്കിലും പച്ചനിറഞ്ഞൊരു സ്റ്റേഡിയമായിരുന്നു ഇത്. എന്നാൽ, കെസിഎ ക്യുറേറ്റർ എ എം ബിജു നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമത്തിൽ എല്ലാ ശരിയാക്കി മത്സരത്തിനായി ഒരുങ്ങാൻ സാധിച്ചു. പക്ഷേ, മൈതാനത്താണ് മികച്ച ബാറ്റിംഗ് പിച്ചാണ് ഒരുക്കിയതെന്നുള്ള ക്യുറേറ്ററിന്റെ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ചർച്ചയാക്കുന്നത്.

രണ്ട് ടീമും നന്നായി ബാറ്റ് ചെയ്യണം. കാണികള്‍ക്ക് നല്ലൊരു ബാറ്റിംഗ് വിരുന്ന് നല്‍കാനാഗ്രഹിച്ചാണ് പിച്ചൊരുക്കിയതെന്ന് ബിജു പറഞ്ഞിരുന്നു. മത്സരം തുടങ്ങി ആദ്യ ഓവറുകളിൽ തന്നെ ഈ പ്രവചനം അപ്പാടെ വെള്ളത്തിലാകുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. മറുപടി ഇന്നിം​ഗ്സിലെ ആദ്യ ഓവറുകളിൽ പിച്ചിനെ മനസിലാക്കാൻ ഇന്ത്യൻ ബാറ്റർമാരും പരാജയപ്പെട്ടു. 

ടി20യിലെ 'ടെസ്റ്റ് കളി'; മെല്ലെപ്പോക്കില്‍ ഗംഭീറിനെയും മറികടന്ന് പുതിയ റെക്കോര്‍ഡിട്ട് രാഹുല്‍

click me!