IND vs SA : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, മൂന്ന് പ്രമുഖ താരങ്ങള്‍ക്ക് പരിക്ക്

By Web TeamFirst Published Dec 8, 2021, 7:05 PM IST
Highlights

സമീപകാലത്ത് വിദേശ പരമ്പരകളില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്നര്‍ എന്ന നിലയിലുള്ള ആദ്യ ചോയ്സ് രവീന്ദ്ര ജഡേജയാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കുമൂലം പുറത്തിരിക്കുന്നതിനാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാം നമ്പറിലിറങ്ങുന്ന ജഡേജയുടെ അസാന്നിധ്യം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

മുംബൈ: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന(IND vs SA) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് (Team India) തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. ഇന്ത്യന്‍ ടീമിലെ മൂന്ന് കളിക്കാരെയെങ്കിലും പരിക്കുമൂലം ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്നാണ് സൂചന. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ(Ravindra Jadeja), ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍(Axar Patel), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(Shubman Gill) എന്നിവരാണ് പരിക്കിന്‍റെ പിടിയിലുള്ളത്.

സമീപകാലത്ത് വിദേശ പരമ്പരകളില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്നര്‍ എന്ന നിലയിലുള്ള ആദ്യ ചോയ്സ് രവീന്ദ്ര ജഡേജയാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കുമൂലം പുറത്തിരിക്കുന്നതിനാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാം നമ്പറിലിറങ്ങുന്ന ജഡേജയുടെ അസാന്നിധ്യം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജഡേജ കളിച്ചിരുന്നില്ല. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം മുംബൈയില്‍ തുടരുന്ന ജഡേജക്ക് രണ്ടു മാസമെങ്കിലും ഴിസ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശുഭ്മാന്‍ ഗില്ലാണ് പരിക്കിന്‍റെ പിടിയിലുള്ള മറ്റൊരു താരം. ന്യൂസിലന്‍ഡിനനെതിരായ രണ്ടാം ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ വണ്‍ ഡൗണ്‍ പൊസിൽനിലാണ് ബാറ്റ് ചെയ്യാനെത്തിയത്. രണ്ടാം ടെസ്റ്റില്‍ കളിച്ചെങ്കിലും പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ഗില്ലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഗില്ലിന്‍റെ അഭാവത്തില്‍ ശ്രേയസ് അയ്യരും ഹനുമാ വിഹാരിയുമാകും പകരക്കാരായി എത്തുക എന്നും സൂചനയുണ്ട്.

അതേസമയം, അക്സറിന്‍റെ പരിക്കിന്‍റെ സ്വഭാവത്തെക്കുറിച്ത് കൃത്യമായ വിവരങ്ങളില്ലെങ്കിലും മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്സര്‍ നേരിടുന്നത് എന്നാണ് സൂചന. അക്സറും ജഡേജയും പരിക്കു മൂലം കളിക്കുന്നില്ലെങ്കില്‍ ജയന്ത് യാദവോ ഷഹബാസ് നദീമോ, സൗരഭ് കുമാറോ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടും.

click me!