പരമ്പര മോഹിച്ച് ടീം ഇന്ത്യ, തിരിച്ചുവരവിന് ലങ്ക; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപാറും

By Web TeamFirst Published Jan 12, 2023, 8:14 AM IST
Highlights

ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുന്ന സൂചനകളനുസരിച്ച് ടീമിൽ മാറ്റത്തിന് സാധ്യതയില്ല

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഗുവാഹത്തിയിലെ ആദ്യ ഏകദിനം 67 റണ്‍സിന് ടീം ഇന്ത്യ വിജയിച്ചിരുന്നു. 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈഡൻ ഗാർഡൻസിൽ ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ ലക്ഷ്യം പരമ്പര വിജയമാണ്. അതേസമയം ഗുവാഹത്തിയിലെ 67 റൺസ് തോൽവിക്ക് പകരം വീട്ടാനാണ് ശ്രീലങ്കയുടെ വരവ്. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷനും തകർപ്പൻ ഫോമിലുളള സൂര്യകുമാർ യാദവും ടീമിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുന്ന സൂചനകളനുസരിച്ച് ടീമിൽ മാറ്റത്തിന് സാധ്യതയില്ല. രോഹിത്തും ഗില്ലും കോലിയുമെല്ലാം ഫോമിലായതിനാൽ റൺസിനെക്കുറിച്ച് ആശങ്ക വേണ്ട. ഹാർദിക് പാണ്ഡ്യയുടെയും അക്‌സര്‍ പട്ടേലിന്‍റേയും ഓൾറൗണ്ട് മികവും കരുത്താവും. ബൗളിംഗ് നിരയിലും ആശങ്കയില്ല.

സ്ഥിരതയില്ലായ്‌മയാണ് ലങ്ക നേരിടുന്ന പ്രധാന വെല്ലുവിളി. പതും നിസങ്ക, ദസുൻ ഷനക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനമാവും ലങ്കൻ നിരയിൽ നിർണായകമാവുക. പരിക്കേറ്റ ദിൽഷൻ മദുഷൻകയ്ക്ക് പകരം ലഹിരു കുമാര ടീമിലെത്തിയേക്കും. കൊൽക്കത്തയില്‍ ടീം ഇന്ത്യയും ലങ്കയും നേർക്കുനേർ വരുന്ന ആറാമത്തെ മത്സരമാണിത്. മൂന്ന് കളിയിൽ ജയിച്ച ഇന്ത്യക്ക് തന്നെയാണ് ഈഡനില്‍ മേധാവിത്തം.  

പിച്ച് റിപ്പോര്‍ട്ട് 

ഈഡന്‍ ഗാര്‍ഡന്‍സ് പൊതുവെ ബാറ്റിംഗ് സൗഹാര്‍ദമുള്ള വിക്കറ്റാണ്. ബാറ്റര്‍മാരെയും ബൗളര്‍മാരേയും ഒരുപോലെ പിന്തുണയ്ക്കുന്ന സ്വഭാവം അടുത്തിടെ ഈഡന്‍ കാണിക്കുന്നുണ്ട്. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 245 ആണിവിടെ. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് കുറച്ച് മുന്‍തൂക്കം ലഭിക്കാനിടയുണ്ട്. എങ്കിലും ബാറ്റര്‍മാര്‍ക്ക് ഗുണകരമാകുന്ന വിക്കറ്റായിരിക്കും ഇവിടെ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ മികച്ച ജയം നേടിയപ്പോള്‍ ഇരു ടീമുകളും 300ലേറെ സ്കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ 373 റണ്‍സ് നേടിയപ്പോള്‍ ലങ്ക 306ലെത്തി. 

ആദ്യ ഏകദിനം ജയിച്ചതൊക്കെ ശരിതന്നെ; ഇന്ത്യ ഒരു കാര്യം ശ്രദ്ധിക്കാനുണ്ടെന്ന് വസീം ജാഫര്‍

click me!