ആദ്യ ഏകദിനം ജയിച്ചതൊക്കെ ശരിതന്നെ; ഇന്ത്യ ഒരു കാര്യം ശ്രദ്ധിക്കാനുണ്ടെന്ന് വസീം ജാഫര്‍

By Web TeamFirst Published Jan 11, 2023, 7:59 PM IST
Highlights

ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന് വിജയിച്ചെങ്കിലും ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍

കൊല്‍ക്കത്ത: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഗംഭീര ജയത്തിനിടയിലും ടീം ഇന്ത്യക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രീതിയില്‍ ബാറ്റിംഗ് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കണം എന്നാണ് ജാഫറിന്‍റെ വാദം. കാര്യമായി ബാറ്റ് ചെയ്യാന്‍ കഴിയാത്ത നാല് ബൗളര്‍മാര്‍ ഒരു ആശങ്കയാണ് എന്ന് ജാഫര്‍ പറയുന്നു.

വസീം ജാഫറിന്‍റെ വാക്കുകള്‍...

'മുഹമ്മദ് ഷമി എട്ടാം നമ്പറില്‍ ബാറ്റേന്താന്‍ എത്തുന്നത് എന്നെ സംബന്ധിച്ച് ഒരു ആശങ്ക തന്നെയാണ്. ഇന്ത്യ 370 റണ്‍സ് നേടിയെങ്കിലും അവസാന മൂന്ന് ഓവറില്‍ ഷമിയും സിറാജും ചേര്‍ന്ന് 17 റണ്‍സേ നേടിയുള്ളൂ. ഇത് പരിഗണിക്കേണ്ട ഒരു വിഷയം തന്നെയാണ്. പ്രത്യേകിച്ച് സ്കോര്‍ പിന്തുടരുന്ന ഘട്ടങ്ങളില്‍ തുടക്കത്തില്‍ വിക്കറ്റ് വീഴുകയും 8-10 റണ്‍സ് ഒരോവറില്‍ ശരാശരി വേണ്ടിവരുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍. ഷമിയാണ് എട്ടാമത് ഇറങ്ങുന്നത് എങ്കില്‍ എങ്ങനെയാണ് ഇത്തര സാഹചര്യങ്ങളില്‍ ഇന്ത്യ സ്കോര്‍ പിന്തുടരുക. രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും വരുന്നതിനൊപ്പം ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറിനെയോ ഷര്‍ദുല്‍ ഠാക്കൂറിനേയോ കളിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ഏഴാം നമ്പറിന് ശേഷം നിലവില്‍ ബാറ്റര്‍മാര്‍ ആരുമില്ല. 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന മൂന്ന് പേസര്‍മാര്‍ ബൗളിംഗ് കാഴ്‌ചപ്പാട് വച്ച് നോക്കിയാല്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഒരു ലെഗ് സ്‌പിന്നറും ടീമിലുണ്ട്. എന്നാല്‍ നാല് ബൗളര്‍മാര്‍ക്ക് ബാറ്റിംഗ് വശമില്ല എന്നത് ആശങ്ക തന്നെയാണ്' എന്നും ജാഫര്‍ ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. 

ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഒരുവേള 400 റണ്‍സ് ഇന്ത്യ സ്കോര്‍ ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ബാറ്റ് ചെയ്‌തപ്പോള്‍ ആകെ 17 റണ്‍സേ ലഭിച്ചുള്ളൂ. ഇതോടെ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 373 എന്ന സ്കോറില്‍ ഒതുങ്ങി. ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 67 പന്തില്‍ 83 ഉം സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 60 പന്തില്‍ 70 ഉം മൂന്നാം നമ്പറില്‍ വിരാട് കോലി 87 പന്തില്‍ 113 ഉം റണ്‍സുമായി തിളങ്ങിയിരുന്നു. ലങ്കയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 306 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് മത്സരം 67 റണ്‍സിന് ഇന്ത്യ വിജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനം നാളെ കൊല്‍ക്കത്തയില്‍ നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

കോലിയും രോഹിത്തും ഫോമില്‍, ഈഡന്‍ ഗാര്‍ഡന്‍സിലും റണ്ണൊഴുകുമോ? പിച്ച് റിപ്പോര്‍ട്ട്
 


 

click me!