രോഹിത്തിനും കൂട്ടര്‍ക്കും ധൈര്യമായി ഇറങ്ങാം; കാര്യവട്ടം ടീം ഇന്ത്യയുടെ ഭാഗ്യവേദി

By Web TeamFirst Published Jan 14, 2023, 8:22 AM IST
Highlights

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യവേദികളിലൊന്നാണ്. നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ഒരു അന്താരാഷ്‍ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. അവസാനം കാര്യവട്ടത്ത് ഇന്ത്യയോട് ഏറ്റുമുട്ടാനെത്തിയത് ദക്ഷിണാഫ്രിക്കയായിരുന്നു. സൂര്യകുമാർ യാദവിന്‍റെയും കെ എൽ രാഹുലിന്‍റേയും അർധ സെഞ്ചുറിയുടെ കരുത്തിൽ ട്വന്‍റി 20യിൽ ഇന്ത്യ ജയം എട്ട് വിക്കറ്റിന് വിജയിച്ചു.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2017 നവംബർ ഏഴിന് ട്വന്‍റി 20ക്കായി ന്യൂസിലൻഡ് എത്തിയപ്പോൾ മത്സരം മഴയിൽ മുങ്ങി. 8 ഓവറായി ചുരുക്കിയ കളിയിൽ കിവീസിനെ 6 റൺസിന് ഇന്ത്യ തോൽപ്പിച്ചു. 2018 കേരളപ്പിറവി ദിനത്തിൽ നടന്ന ഏകദിന മത്സരത്തിലും നീലപ്പടയ്ക്ക് കാര്യവട്ടം ജയം സമ്മാനിച്ചു. 9 വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തകർത്തത്. അന്ന് തിളങ്ങിയത് രോഹിത് ശർമ. തൊട്ടടുത്ത വർഷം വെസ്റ്റ് ഇൻഡീസ് രണ്ടാം തവണയെത്തിയപ്പോൾ ഇന്ത്യക്ക് നിരാശയായി ഫലം. ആവേശപ്പോരിൽ 8 വിക്കറ്റിന് വെസ്റ്റ് ഇൻഡീസ് ജയിച്ചു. എന്നും നിറഞ്ഞു കവിയുന്ന ഗാലറി തന്നെയാണ് ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ ആവേശം. ശ്രീലങ്കയ്ക്കെതിരെ ജയിച്ച് ഏകദിന പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. 

ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ഏകദിന പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ജയത്തോടെ നാണക്കേട് ഒഴിവാക്കാനാണ് ശ്രീലങ്ക ഇറങ്ങുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളുടെ ഇന്ത്യ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിന് ശേഷം എയര്‍ വിസ്‌താരയുടെ പ്രത്യേക വിമാനത്തില്‍ 13ന്  വൈകിട്ട് നാല് മണിയോടെയാണ് ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. 

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; ടീമുകള്‍ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും

click me!