
ബംഗളൂരു: ഇന്ത്യ- ശ്രീലങ്ക (IND vs SL) പിങ്ക് ബോള്‍ ടെസ്റ്റില്‍ വിക്കറ്റുമഴയാണ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യദിനം അവസാനിക്കുമ്പോള്‍ ആറിന് 86 എന്ന ദയനീയാവസ്ഥയിലാണ് സന്ദര്‍ശകര്‍. ജസ്പ്രിത് ബുമ്ര (Jasprit Bumrah) മൂന്നും മുഹമ്മദ് ഷമി (Mohammed Shami) രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 252 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ലസിത് എംബുല്‍ഡെനിയ, ജയവിക്രമ എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്.
ഇതോടെ പകല്‍- രാത്രി ടെസ്റ്റിന്റെ ആദ്യദിനം തന്നെ 16 വിക്കറ്റുകള്‍ നഷ്ടമായി. ഇതോരു റെക്കോര്‍ഡാണ്. പിങ്ക് പന്ത് ടെസ്റ്റില്‍ ആദ്യദിനം മാത്രം ഇത്രയും വിക്കറ്റുകള്‍ വീണിട്ടില്ല. ആദ്യദിനം 13 വിക്കറ്റുകള്‍ നഷ്ടമായതാണ് ഇതിന് മുമ്പുണ്ടായിരുന്നു റെക്കോര്‍ഡ്. നാല് ടെസ്റ്റുകളില്‍ ഇത്തരത്തില്‍ സംഭവിച്ചു. 2017ല്‍ ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ ടെസ്റ്റിലായിരുന്നു ആദ്യ സംഭവം. പോര്‍ട്ട് എലിസബത്തിലായിരുന്നു ടെസ്റ്റ്.
2018ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡ് - ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ ദിനത്തിലും 13 വിക്കറ്റുകള്‍ വീണു. 2019ല്‍ ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും ആദ്യദിനം നഷ്ടമായത് 13 വിക്കറ്റുകള്‍. ഇന്ത്യയുടെ ആദ്യ പകല്‍- രാത്രി ടെസ്റ്റായിരുന്നു അത്. കൊല്‍ക്കത് ഈഡന്‍ ഗാര്‍ഡന്‍സായിരുന്നു വേദി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴും ഇത്തരത്തില്‍ സംഭവിക്കുകയുണ്ടായി. അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലാണ് രണ്ട് ഇന്നിംഗ്‌സിലുമാായി 13 വിക്കറ്റുകള്‍ വീണത്.
ശ്രീലങ്കയ്‌ക്കെതിരെ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യയുടെ ആധിപത്യമാണ് കാണുന്നത്. കുശാല്‍ മെന്‍ഡിസിനെ(2) സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലഹിരു തിരിമ്മനെയും(8) ബുമ്ര ശ്രേയസിന്റെ കൈകളിലേക്ക് അയച്ചു. രണ്ടിന് 14 എന്ന സ്‌കോറില്‍ പതറിയ ലങ്കയ്ക്ക് അടുത്ത അടി നല്‍കിയത് മുഹമ്മദ് ഷമിയായിരുന്നു.
പിച്ചിലെ ടേണ്‍ കണ്ട് അശ്വിനെ ന്യൂബോള്‍ ഏല്‍പ്പിച്ച രോഹിത് ആറാം ഓവറിലാണ് ഷമിക്ക് പന്തു കൊടുത്തത്. ആദ്യ പന്തില്‍ തന്നെ ഷമി ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയെ(2) ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ(10) ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ലങ്ക 28-4ലേക്ക് കൂപ്പുകുത്തി. എയ്ഞ്ചലോ മാത്യൂസും ചരിത് അസലങ്കയും ചേര്‍ന്ന് ലങ്കയെ 50 കടത്തിയെങ്കിലും അസലങ്കയെ(5) അശ്വിന്റെ കൈകളിലെത്തിച്ച് അക്‌സര്‍ പട്ടേലും വിക്കറ്റ് വേട്ടക്കെത്തിയതോടെ ലങ്ക തകര്‍ന്നടിഞ്ഞു.
ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഏയ്ഞ്ചലോ മാത്യൂസും(43) നിരോഷന്‍ ഡിക്വെല്ലയും ലങ്കന്‍ സ്‌കോറിന് അല്‍പം മാന്യത നല്‍കി. കളിയുടെ അവസാന ഓവറുകളില്‍ മാത്യൂസിനെ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് ബുമ്ര ലങ്കയുടെ അവസാന പ്രതിരോധവും തകര്‍ത്തു. നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
മധ്യനിരയില്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ്(ടവൃല്യമ െക്യലൃ) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!