IND vs SL: പിങ്ക് ടെസ്റ്റില്‍ ആദ്യ ദിനം വിക്കറ്റ് പെയ്ത്ത്, ഇന്ത്യ 252ന് പുറത്ത്, ലങ്കക്ക് ആറ് വിക്കറ്റ് നഷ്ടം

Published : Mar 12, 2022, 09:12 PM ISTUpdated : Mar 12, 2022, 09:42 PM IST
IND vs SL: പിങ്ക് ടെസ്റ്റില്‍ ആദ്യ ദിനം വിക്കറ്റ് പെയ്ത്ത്, ഇന്ത്യ 252ന് പുറത്ത്, ലങ്കക്ക് ആറ് വിക്കറ്റ് നഷ്ടം

Synopsis

ഇന്ത്യയെ സ്പിന്‍കെണിയില്‍ വീഴ്ത്തി 252ന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ലങ്കക്ക് മൂന്നാം ഓവറിലെ തിരിച്ചടിയേറ്റു. കുശാല്‍ മെന്‍ഡിസിനെ(2) സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലഹിരു തിരിമ്മനെയും(8) ബുമ്ര ശ്രേയസിന്‍റെ കൈകളിലേക്ക് അയച്ചു.

ബെംഗലൂരു: ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ((India vs Sri Lanka, 2nd Test )) ആദ്യ ദിനം വിക്കറ്റ് പെയ്ത്. ആദ്യ ദിനം ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകള്‍ നിലംപൊത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 ന് പുറത്തായപ്പോള്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.

13 റണ്‍സോടെ ഡിക്‌വെല്ലയും റണ്‍സൊന്നുമെടുക്കാതെ എംബുല്‍ഡെനിയയുമാണ് ക്രീസില്‍. 43 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ലങ്കക്ക് ഇനിയും 166 റണ്‍സ് കൂടി വേണം.

തലയരിഞ്ഞ് പേസര്‍മാര്‍

ഇന്ത്യയെ സ്പിന്‍കെണിയില്‍ വീഴ്ത്തി 252ന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ലങ്കക്ക് മൂന്നാം ഓവറിലെ തിരിച്ചടിയേറ്റു. കുശാല്‍ മെന്‍ഡിസിനെ(2) സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലഹിരു തിരിമ്മനെയും(8) ബുമ്ര ശ്രേയസിന്‍റെ കൈകളിലേക്ക് അയച്ചു. രണ്ടിന് 14 എന്ന സ്കോറില്‍ പതറിയ ലങ്കയ്ക്ക് അടുത്ത അടി നല്‍കിയത് മുഹമ്മദ് ഷമിയായിരുന്നു. പിച്ചിലെ ടേണ്‍ കണ്ട് അശ്വിനെ ന്യൂബോള്‍ ഏല്‍പ്പിച്ച രോഹിത് ആറാം ഓവറിലാണ് ഷമിക്ക് പന്തു കൊടുത്തത്. ആദ്യ പന്തില്‍ തന്നെ ഷമി ലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെയെ(2) ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ(10) ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ലങ്ക 28-4ലേക്ക് കൂപ്പുകുത്തി.

എയ്ഞ്ചലോ മാത്യൂസും ചരിത് അസലങ്കയും ചേര്‍ന്ന് ലങ്കയെ 50 കടത്തിയെങ്കിലും അസലങ്കയെ(5) അശ്വിന്‍റെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേലും വിക്കറ്റ് വേട്ടക്കെത്തിയതോടെ ലങ്ക തകര്‍ന്നടിഞ്ഞു. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഏയ്ഞ്ചലോ മാത്യൂസും(43) നിരോഷന്‍ ഡിക്‌വെല്ലയും ലങ്കന്‍ സ്കോറിന് അല്‍പം മാന്യത നല്‍കി. കളിയുടെ അവസാന ഓവറുകളില്‍ മാത്യൂസിനെ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് ബുമ്ര ലങ്കയുടെ അവസാന പ്രതിരോധവും തകര്‍ത്തു. ഇന്ത്യക്കായി ബുമ്ര മൂന്നും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

തകര്‍ച്ചയോടെ തുടങ്ങി ഇന്ത്യയും

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ്(Shreyas Iyer) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും(Rishabh Pant) 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും(Hanuma Vihari) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.

പിങ്ക് ടെസ്റ്റില്‍ മോഹത്തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. വിശ്വ ഫെര്‍ണാണ്ടോയുടെ നോ ബോളില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മായങ്ക്(4) അഗര്‍വാള്‍ ഇല്ലാത്ത റണ്ണിനോട് ഓടി റണ്ണൗട്ടായി. എട്ടാം ഓവറിലെ സ്പിന്നര്‍ ലസിത് എംബുല്‍ഡെനിയയെ കൊണ്ടുവന്ന ലങ്കന്‍ ക്യാപ്റ്റന്‍ കരുണരത്നെയുടെ തന്ത്രം ഫലിച്ചു. തുടക്കം മുതലെ പിച്ചില്‍ നിന്ന് നല്ല ടേണ്‍ ലഭിച്ച എംബുല്‍ഡെനിയ പത്താം ഓവറില്‍ രോഹിത്തിനെ സെക്കന്‍ഡ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ കൈകകളിലെത്തിച്ചു. 25 പന്തില്‍ ഒരു സിക്സും ഒരു ഫോറും പറത്തി രോഹിത് 15 റണ്‍സെടുത്തു.

നടുവൊടിച്ച് സ്പിന്നര്‍മാര്‍

ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിച്ചതോടെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഹനുമാ വിഹാരിയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും സ്പിന്നിന് മുന്നില്‍ വീണു. 29-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് കൂട്ടുകെട്ടിലൂടെ 73 റണ്‍സിലെത്തിച്ചു. നേരത്തെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ റിവ്യൂവിലൂടെ അതിജീവിച്ച വിരാഹിയാണ്(31) ആദ്യം വീണത്. ജയവിക്രമയുടെ പന്തില്‍ ഡിക്‌വെല്ലക്ക് ക്യാച്ച്. പിന്നാലെ ചായക്ക് തൊട്ടു മുമ്പ് ധനഞ്ജയ ഡിസില്‍വയുടെ താണുവന്ന പന്തില്‍ വിരാട് കോലി(23) വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

പ്രതീക്ഷ നല്‍കിയ പന്താട്ടം, പ്രതീക്ഷ കാത്ത് ശ്രേയസ്

വിരാട് കോലിയുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് ടി20 പോലെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. ഓവറില്‍ അഞ്ച് റണ്‍സ് വെച്ച് സ്കോര്‍ ചെയ്ത ഇന്ത്യ ഏകദിന ശൈലിയിലാണ് ആദ്യ രണ്ട് സെഷനില്‍ ബാറ്റ് വീശിയത്. പ്രതീക്ഷ നല്‍കിയ പന്ത് എംബുല്‍ഡെനിയയുടെ പന്തില്‍(26 പന്തില്‍ 39) ഇന്ത്യ വീണ്ടു തകര്‍ച്ചയിലായി.

കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ രവീന്ദ്ര ജഡേജ(4) നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ അശ്വിനുമൊത്ത്(13) ശ്രേയസ് നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. അക്സര്‍ പട്ടേലിനും(9) മുഹമ്മദ് ഷമിക്കും(5) പിച്ചിലെ സ്പിന്‍ ചുഴിയില്‍ അടിതെറ്റി. ബുമ്രയെ സാക്ഷി നിര്‍ത്തി ശ്രേയസ് തകര്‍ത്തടിച്ചാണ് ഇന്ത്യയെ 250 കടത്തിയത്. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ (Mohali Test 2022)  ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ (Bengaluru Test (D/N) വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും