
ലഖ്‌നൗ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ (Sanju Samson) പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ശ്രീലങ്കയ്‌ക്കെതിരെ നാള ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പാണ് രോഹിത് സഞ്ജുവിനെ കുറിച്ച് നിര്‍ത്താതെ സംസാരിച്ചത്. ഓസ്‌ട്രേലിയന്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന് രോഹിത് പറഞ്ഞു. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ സഞ്ജു കളിക്കാന്‍ സാധ്യതയേറെയാണ്.
ക്യാപ്റ്റന്‍റെ വാക്കുകള്‍ നല്‍കുന്ന സൂചന അതാണ്. രോഹിത് പറഞ്ഞതിങ്ങനെ... ''സാങ്കേതികമായി ഉയര്‍ന്ന നിലവാരമുള്ള താരങ്ങളില്‍ ഒരാളാണ് സഞ്ജു. തീര്‍ച്ചയായും അദ്ദേഹം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. ഐപിഎല്‍ മത്സരങ്ങളില്‍ സഞ്ജുവിന്റെ കഴിവ് നമ്മള്‍ കണ്ടതാണ്. മുന്നോട്ടുപോവാനുള്ള എല്ലാ കഴിവും സഞ്ജുവിനുണ്ട്. കഴിവുള്ള നിരവധി താരങ്ങളുണ്ട്. എന്നാലത് എങ്ങനെ ഉപയോഗിക്കുമെന്നുള്ളതിലാണ് കാര്യം. ഇപ്പോള്‍ സഞ്ജുവിന് അറിയാം തന്റെ കഴിവ് ഏത് തരത്തില്‍ ഉപയോഗിക്കണമെന്ന്. ഒരു മത്സരം വിജയിപ്പിക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്. അവന് ആത്മവിശ്വാം നല്‍കുക മാത്രമാണ് വേണ്ടത്.
ഭാവി പദ്ധതികളില്‍ സഞ്ജുവിന് സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജു ഗംഭീരമായി ബാക്ക്ഫുട്ടില്‍ കളിക്കും. ഐപിഎല്‍ അദ്ദേഹത്തിന്റെ പുള്‍ ഷോട്ടുകള്‍, കട്ട് ഷോട്ടുകള്‍, ബൗളര്‍മാരുടെ തലയ്ക്കു മുകളിലൂടെ പറക്കുന്ന ലോഫ്റ്റുകള്‍. ഇത്തരം ഷോട്ടുകളൊന്നും കളിക്കുക എളുപ്പമല്ല. എന്നാല്‍ സഞ്ജുവിന് അത് കഴിയുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഇത്തരം ശൈലിയാണ് വേണ്ടെതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ എല്ലാവിധ ആശംസകളും നല്‍കുന്നു. അതോടൊപ്പം കഴിവിനോട് നീതി പുലര്‍ത്താന്‍ സഞ്ജുവിന് സാധിക്കട്ടെ.'' രോഹിത് പറഞ്ഞു.
ആദ്യ ടി20യില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്കവാദ് ഓപ്പണറായേക്കും. കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തേക്കിറങ്ങും. പിന്നാലെ ശ്രേയസ് അയ്യര്‍ ക്രീസിലെത്തും. വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ശ്രേയസ് മൂന്നാമനും രോഹിത് നാലാമനായിട്ടാണ് കളിച്ചിരുന്നത്. പിന്നാലെ സഞ്ജു. മധ്യനിര തകരാതെ കാക്കുകയെന്ന ഉത്തരവാദിത്തമാണ് സഞ്ജുവിന്. അഞ്ചാമതായിട്ടാണ് സഞ്ജു ബാറ്റിംഗിനെത്തുക. ശ്രേയസിന്റേയും സഞ്ജുവിന്റേയും ബാറ്റിംഗ് സ്ഥാനം മാറാനും സാധ്യതയേറെയാണ്. റിഷഭ് പന്ത് ടീമിലില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ ചുമതലയും സഞ്ജുവിനായിരിക്കും.
ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് തുടര്‍ന്ന് ക്രീസിലെത്തുക. ടീമിനെ സന്തുലിതമാക്കുന്നത് വെങ്കടേഷ് ആയിരിക്കും. പരിക്ക് മാറി തിരിച്ചെത്തിയ രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിക്കും. താരം നാല് ഓവര്‍ എറിയുന്നതിനൊപ്പം ഫീല്‍ഡിംഗിലും ബാറ്റിംഗ് നിരയ്ക്കും കരുത്ത് പകരും. ഹര്‍ഷല്‍ പട്ടേല്‍ വാലറ്റത്തിന് കരുത്ത്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പേസ് വകുപ്പിന് കരുത്ത് നല്‍കും. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ജസ്പ്രിത് ബുമ്രയാണ് ബൗളിംഗ് വകുപ്പ് നയിക്കുക. വൈസ് ക്യാപ്റ്റനും അദ്ദേഹം തന്നെ. ടീമിലെ രണ്ടാം സ്പിന്നറായി യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലുണ്ടാവും.
ഇന്ത്യയുടെ സാധ്യത ഇലവന്‍ : ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍.