
ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) രണ്ടാം ടെസ്റ്റിലും വിജയപ്രതീക്ഷയിലാണ് ഇന്ത്യ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇപ്പോള്‍ തന്നെ ആതിഥേയര്‍ക്ക് 342 റണ്‍സ് ലീഡായി. രണ്ടാംദിനം രാത്രി ഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. 50 റണ്‍സ് നേടിയ റിഷഭ് പന്താണ് (Rishabh Pant) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ (18), രവീന്ദ്ര ജേഡജ (10) എന്നിവരാണ് ക്രീസില്‍. പ്രവീണ്‍ ജയവിക്രമ സന്ദര്‍ശകര്‍ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടി20 ശൈലിയില്‍ ബാറ്റ് വീശിയ പന്ത് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമാണിപ്പോള്‍ പന്ത്. ഇതിഹാസതാരം കപില്‍ ദേവിനെയാണ് (Kapil Dev) പന്ത് പിന്നിലാക്കിയത്. 1982ല്‍ പാകിസ്ഥാനെതിര കറാച്ചിയില്‍ കപില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പന്ത് ഇന്ന് 28 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടത്തില്‍ 31 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മൂന്നാം സ്ഥാനത്ത്. ഓവലിലായിരുന്നു ഠാക്കൂറിന്റെ ഇന്നിംഗ്‌സ്. 2008ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ 50 തികച്ച വിരേന്ദര്‍ സെവാഗ് നാലാമതാണ്.
ഇന്ത്യയില്‍ വേഗത്തില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ലോകതാരങ്ങളില്‍ മൂന്നാമനാണ് പന്ത്. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയാണ് ഒന്നാമന്‍. 2005ല്‍ ബംഗളൂരു ടെസ്റ്റില്‍ 26 പന്തിലാണ് താരം അര്‍ധ സെഞ്ചുറി നേടിയത്. 1981ല്‍ 28 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം രണ്ടാമതുണ്ട്. പന്ത് മൂന്നാം സ്ഥാനത്തും. 1986ല്‍ 31 പന്തില്‍ 50 തികച്ച ശ്രീലങ്കന്‍ ഇതിഹാസം അര്‍ജുന രണതുംഗ നാലാമതാണ്. മറ്റൊരു റെക്കോര്‍ഡ് കൂടി താരത്തെ തേടിയെത്തി. രണ്ട് ഇന്നിംഗ്‌സിലും 150ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ (30 റണ്‍സില്‍ കൂടുതല്‍) റണ്‍സ് കണ്ടെത്തുന്ന താരമായിരിക്കുയാണ് പന്ത്. ആദ്യ ഇന്നിംഗ്‌സില്‍ 26 പന്തില്‍ 39 റണ്‍സാണ് പന്ത് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 150. രണ്ടാം ഇന്നിംഗ്‌സില്‍ 161.29 സ്‌ട്രൈക്കറ്റ് റേറ്റിലാണ് 50 റണ്‍സെടുത്തത്.
അതേസമയം മുന്‍നിര പരാജയപ്പെട്ടപ്പോള്‍ പന്തിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (46) തിളങ്ങി. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും മായങ്ക് നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോഴാണ് മായങ്ക് മടങ്ങുന്നത്. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ എംബുല്‍ഡെനിയയുടെ പന്തില്‍ പന്തില്‍ ധനഞ്ജയ ഡിസില്‍വയ്ക്ക് ക്യാച്ച് നല്‍കി. പിന്നാലെ രോഹിത്തും മടങ്ങി. ധനഞ്ജയയുടെ പന്തില്‍ എയ്ഞ്ചയോ മാത്യൂസിന് ക്യാച്ച്. രോഹിത് - വിഹാരി സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമതായി ക്രീസിലെത്തിയ വിഹാരിക്കും പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സ് മാത്രമെടുത്ത താരത്തെ ജമവിക്രമ ബൗള്‍ഡാക്കി. കോലി ജയവിക്രമയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
എട്ടിന് 66 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കന്‍ ബാറ്റര്‍മാര്‍ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. 10 ഓവറില്‍ നാല് മെയ്ഡനടക്കം വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഒന്നാം ഇന്നിംഗ്സില്‍ ആകെ 35.5 ഓവര്‍ മാത്രമേ ലങ്കയുടെ പോരാട്ടം നീണ്ടുനിന്നുള്ളൂ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 252ന് പുറത്തായിരുന്നു.
രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധ സെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!