
മുംബൈ: റിഷഭ് പന്തിന് കാർ അപകടത്തില്‍ പരിക്കേറ്റ ശേഷം ടീം ഇന്ത്യ വിക്കറ്റ് കീപ്പർക്കായുള്ള നെട്ടോട്ടത്തിലാണ്. പ്രത്യേകിച്ച് ടെസ്റ്റിലാണ് വിക്കറ്റ് കീപ്പർ ബാറ്ററുടെ ഒഴിവുള്ളത്. പരിക്ക് തുടർച്ചയായി അലട്ടുന്ന കെ രാഹുല്‍ നിലവില്‍ പരിഗണനയില്‍ ഇല്ലാത്തതിനാല്‍ കെ എസ് ഭരതാണ് ടെസ്റ്റ് കീപ്പറുടെ തൊപ്പിയണിയുന്നത്. അതേസമയം ഐപിഎല്‍ പതിനാറാം സീസണില്‍ ബാറ്റ് കൊണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും വെറ്ററന്‍ വൃദ്ധിമാന്‍ സാഹയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല. സാഹയുടെ ടെസ്റ്റ് ഭാവി അവസാനിച്ചതായി സൂചന നല്‍കുന്ന ബിസിസിഐ വൃത്തങ്ങള്‍ നിലവില്‍ പദ്ധതികളിലുള്ള പേരുകള്‍ ആരൊക്കെയാണ് എന്നും വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അടക്കം അവസരം ലഭിച്ചിട്ടും അത് മുതലെടുത്ത് ബാറ്റിംഗ് ഫോമിലേക്ക് വരാന്‍ കെ എസ് ഭരതിന് സാധിക്കാത്തതാണ് ബിസിസിഐയെ ഇരുത്തി ചിന്തിപ്പിക്കുന്നത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇഷാന് കിഷനെയും ഉപേന്ദ്ര യാദവിനേയും പരിഗണിച്ചേക്കും. 'വൃദ്ധിമാന്‍ സാഹയ്ക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ ചിന്തിക്കുകയാണ്. സാഹ മികച്ച ബാറ്ററും കീപ്പറുമാണ് എന്നതില്‍ തർക്കമില്ല. എന്നാല്‍ പ്രായം 38 ആയി. സാഹയെ കീപ്പറാക്കുന്നതിലൂടെ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. ഇഷാന്‍ കിഷനെയും കെ എസ് ഭരതിനെയും ഉപേന്ദ്ര യാദവിനെയും പോലുള്ള യുവതാരങ്ങളെ വളർത്തിയെടുക്കണം. ഇവരാണ് ഭാവി താരങ്ങള്‍' എന്നും ഒരു ബിസിസിഐ ഉന്നതന്‍ ഇൻസൈഡ് സ്പോർടിനോട് പറഞ്ഞു.
റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കെ എസ് ഭരതാണ് ടെസ്റ്റില്‍ നിലവിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറെങ്കിലും താരത്തിന്‍റെ ബാറ്റിംഗ് ഫോം ആശങ്കയാണ്. എട്ട് ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ 18.42 ശരാശരിയില്‍ 129 റണ്‍സ് മാത്രമേയുള്ളൂ. ബാറ്റിംഗ് കൂടി പരിഗണിക്കുമ്പോള്‍ ഇഷാന്‍ കിഷനാണ് സാധ്യതയുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ഭരതിനെക്കാള്‍ മികച്ച ബാറ്റർ ആവാന്‍ ഇഷാന്‍ കിഷനാകും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ താരം നിലവില്‍ പരിശീലിക്കുന്നുണ്ട്. 26കാരനായ ഉത്തർപ്രദേശ് താരം ഉപേന്ദ്ര യാദവാണ് ടെസ്റ്റ് ടീമിലേക്ക് സാധ്യതയുള്ള മറ്റൊരു കീപ്പർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45.02 ഉം, ലിസ്റ്റ് എയില്‍ 42.31 ഉം ബാറ്റിംഗ് ശരാശരി ഉപേന്ദ്രയ്ക്കുണ്ട്. അടുത്ത ആഴ്ച വിന്‍ഡീസ് പര്യടനത്തിനുള്ള സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.
Read more: ആർ അശ്വിന്‍റെ ആത്മാർഥതയേ നമിച്ച് പൊന്നോ; കാണാം പറക്കും ക്യാച്ച്