അമിതാവേശം കാരണം വിക്കറ്റ് വലിച്ചെറിഞ്ഞ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും സൂര്യകുമാര്‍ യാദവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്
ഗയാന: ആദ്യ മത്സരത്തില്‍ തോറ്റൊരു ടീം വിജയവഴിയിലെത്താന്‍ കൊതിക്കുമ്പോള്‍ അടുത്ത അങ്കത്തില്‍ ഇങ്ങനെയല്ല കളിക്കേണ്ടത്. ബാറ്റിംഗ് അനായാസമെന്ന് കരുതുന്നൊരു വിക്കറ്റില്‍ നാല് പന്തുകള്‍ക്കിടെ ടീം ഇന്ത്യ ഇരട്ട വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് ആരാധകര്‍ക്ക് പൊറുക്കാനാവുന്നില്ല. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്‍റി 20യില്‍ അമിതാവേശം കാരണം വിക്കറ്റ് വലിച്ചെറിഞ്ഞ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും സൂര്യകുമാര്‍ യാദവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇത്ര ആവേശം വേണ്ടിയിരുന്നില്ല എന്ന് ഇരുവരോടും ആരാധകര്‍ പറയുന്നു.
'ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണിത്'- ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രണ്ടാം ടി20യിലെ ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുന്നതിന് പറഞ്ഞ കാരണം ഇതായിരുന്നു. എന്നാല്‍ ക്രീസിലെത്തിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍ ശ്രവിക്കാതെ അമിതാവേശം കാട്ടി വിക്കറ്റ് വലിച്ചെറിഞ്ഞു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അല്‍സാരി ജോസഫ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ പറത്തിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ തൊട്ടടുത്ത ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച് എഡ്‌ജായി ഡീപ് ബാക്ക്‌വേഡ് പോയിന്‍റില്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 9 പന്തില്‍ 7 റണ്‍സേ ഗില്ലിനുള്ളൂ. തൊട്ടടുത്ത ഒബെഡ് മക്കോയിയുടെ ഓവറിലെ നാലാം പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സൂര്യകുമാര്‍ യാദവ്(3 പന്തില്‍ 1) കെയ്‌ല്‍ മെയേഴ്‌സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. ഇരു ഇന്ത്യന്‍ താരങ്ങള്‍ക്കും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത വിക്കറ്റുകളായി ഇത്.
ഇതിന് പിന്നാലെയാണ് ശുഭ്‌മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനേയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇരുവരും പുറത്താകുമ്പോള്‍ 3.3 ഓവറില്‍ 18 റണ്‍സേ ടീമിനുണ്ടായിരുന്നുള്ളൂ. ഇന്ത്യ നാല് റണ്‍സിന് തോറ്റ ആദ്യ ട്വന്‍റി 20യില്‍ ഗില്ലിന് 9 പന്തില്‍ 3 ഉം, സ്കൈക്ക് 21 പന്തില്‍ 21 ഉം റണ്‍സായിരുന്നു ഉണ്ടായിരുന്നത്.
Read more: നാടകങ്ങള്‍ കഴിഞ്ഞു; പാക് ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി
