
ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ടീം ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം വാലറ്റത്തിന് ബാറ്റ് ചെയ്യാന്‍ അറിയാത്തതാണ് എന്ന് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ബാറ്റ് ചെയ്യാന്‍ കഴിയാത്ത ബൗളര്‍മാര്‍ ടീമിനെ സന്തുലിതമാക്കില്ലെന്നും ഓള്‍റൗണ്ടര്‍മാര്‍ ടീമിന് അനിവാര്യമാണെന്നും ജാഫര്‍ പറഞ്ഞു. രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചെയ്‌തത് പോലെ മത്സരം ജയിപ്പിക്കാന്‍ ഇന്ത്യന്‍ വാലറ്റത്തിന് കഴിയില്ല എന്നും ജാഫര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ ബാറ്റ് കൊണ്ട് കൂടുതല്‍ സംഭാവന ടീമിന് നല്‍കണം എന്ന് ജാഫര്‍ ആവശ്യപ്പെട്ടു.
ട്രിനിഡാഡും ഗയാനയും വേദിയായ ആദ്യ രണ്ട് ട്വന്‍റി 20കളിലും ഇന്ത്യന്‍ വാലറ്റത്തിന്‍റെ ബാറ്റിംഗ് ബാലാരിഷ്‌ഠത വ്യക്തമായിരുന്നു. ആദ്യ ട്വന്‍റി 20യില്‍ അവസാന അഞ്ച് ഓവറില്‍ ആറ് വിക്കറ്റ് കയ്യിലിരിക്കേ 37 റണ്‍സ് മാത്രമായിരുന്നു ടീം ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒരേ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും പുറത്തായ ശേഷം പിന്നീട് ഇന്ത്യന്‍ വാലറ്റത്തിന് ഒന്നും ചെയ്യാനായില്ല. ഏഴാമന്‍ അക്‌സര്‍ പട്ടേലിന്(11 പന്തില്‍ 13) ശേഷം ക്രീസിലെത്തിയ കുല്‍ദീപ് യാദവ്(9 പന്തില്‍ 3), അര്‍ഷ്‌ദീപ് സിംഗ്(7 പന്തില്‍ 12), യുസ്‌വേന്ദ്ര ചാഹല്‍(1 പന്തില്‍ 1*), മുകേഷ് കുമാര്‍(1 പന്തില്‍ 1*) എന്നിങ്ങനെയായിരുന്നു സ്കോര്‍. ഇതോടെ ഇന്ത്യ നാല് റണ്‍സിന്‍റെ തോല്‍വി വഴങ്ങി.
രണ്ടാം മത്സരത്തില്‍ 2 വിക്കറ്റിന് ടീം ഇന്ത്യ തോറ്റപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ കിട്ടിയ അവസരം ടീമിന് മുതലാക്കാനായില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ കരീബിയന്‍ ടീം തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ വാലറ്റത്തെ വെടിക്കെട്ടുമായി അക്കീല്‍ ഹുസൈനും അല്‍സാരി ജോസഫും വിന്‍ഡീസിന് ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. അക്കീല്‍ 10 പന്തില്‍ രണ്ട് ഫോര്‍ സഹിതം 16* റണ്‍സെടുത്തും അല്‍സാരി 8 ബോളില്‍ ഒരു സിക്‌സോടെ 10* ഉം റണ്‍സുമായും പുറത്താവാതെ നിന്ന് വിന്‍ഡീസിന് ഏഴ് പന്ത് അവശേഷിക്കേ ജയം സമ്മാനിക്കുകയായിരുന്നു.
Read more: ബ്രയാന്‍ ലാറ തെറിച്ചു; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുതിയ കോച്ച്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!