സഞ്ജു ഓപ്പണറാകുമോ ?; ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിനത്തിനുള്ള സാധ്യതാ ടീം

By Gopala krishnanFirst Published Aug 19, 2022, 8:21 PM IST
Highlights

ആദ്യ ഏകദിനത്തിൽ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും പുറത്താകാതെ അര്‍ധസെഞ്ചുറി നേടിയതിനാല്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലുള്ള ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.

ഹരാരെ: ഇന്ത്യ-സിംബാബ്‍വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ ഹരെയില്‍ നടക്കും. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ഹരാരെയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45നാണ് കളി തുടങ്ങുക.

ആദ്യ ഏകദിനത്തിൽ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും പുറത്താകാതെ അര്‍ധസെഞ്ചുറി നേടിയതിനാല്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലുള്ള ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. മത്സരം ഇന്ത്യ 30 ഓവറില്‍ ജയിക്കുകയും ചെയ്തു. ഈ സാഹര്യത്തില്‍ നാളെ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിംഗ്  തെരഞ്ഞെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കെ എല്‍ രാഹുലിന് പരിശീലനം ആവശ്യമായതിനാല്‍ ഓപ്പണിംഗില്‍ തിരിച്ചെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിച്ച് മലയാളി താരം സഞ്ജു സാംസണെ ഓപ്പണിംഗില്‍ പരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ടി20 ടീമിന്‍റെ ഭാഗമല്ലാത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഓപ്പണിംഗിലെ മെല്ലെപ്പോക്ക് പരിഹരിക്കാന്‍ സഞ്ജുവിനെ ഓപ്പണിംഗില്‍ പരീക്ഷിക്കാവുന്നതാണെന്നാണ് ഒരു വാദം.

കോലിക്ക് 100 ഇല്ലാത്ത 1000 ദിവസം! ഒളിയമ്പ് എയ്ത് ബാർമി ആർമി; കണക്ക് നിരത്തി വായടപ്പിച്ച് ഇന്ത്യൻ ഫാൻസ്

ആദ്യ മത്സരം ജയിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ മുതിരാനിടയില്ലെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയില്ലെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ട സ്പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ പ്രകടനവും വിലയിരുത്തപ്പെടും. ആദ്യ മത്സരത്തില്‍ മൂന്ന് പേസര്‍മാരും മികവ് കാട്ടിയതിനാല്‍ ആവേശ് ഖാന്‍ ടീമിലെത്താനും സാധ്യത കുറവാണ്.

നാളെ ജയിച്ച് പരമ്പര നേടിയാല്‍ മൂന്നാം മത്സരത്തില്‍ രാഹുല്‍ ത്രിപാഠിയും ആവേശ് ഖാനും അടക്കമുള്ള താരങ്ങളെ പരീക്ഷിച്ചേക്കും. ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ രണ്ട് ക്യാച്ചുകളുമായി സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

click me!