
ദില്ലി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തിന് ശേഷംടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്ട്രേലിയൻ പരീക്ഷ. ക്യാപ്റ്റൻസി പദവിയിലെത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയ്ക്കാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യൻ ജേഴ്സിയിലെത്തുന്നു എന്നതാണ് പരമ്പരയുടെ പ്രത്യേകത.
ഏകദിന ക്യാപ്റ്റനായി അരങ്ങേറാൻ ഗില്ലിന് ഇതിലും മികച്ചൊരു എതിരാളികളെ കിട്ടാനില്ല. ഏകദിനത്തില്‍ ലോക ചാംപ്യൻമാരായ, ഓസീസിനെ വീഴ്ത്തി ക്യാപ്റ്റൻസി കരിയർ തുടങ്ങാനായാൽ പല വിമർശനങ്ങളുടെയും മുനയൊടിയും. ഒക്ടോബർ 19ന് പെർത്തിലാണ് ആദ്യത്തെ മത്സരം. 23നും 25നുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍. 2027 ഏകദിന ലോകകപ്പിന് ടീമിനെ ഒരുക്കലാണ് ഗംഭീറിന്‍റെ ലക്ഷ്യം. ഗില്ലിലേക്കുള്ള ക്യാപ്റ്റൻസി കൈമാറ്റമടക്കം സൂചനകൾ വ്യക്തം. ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷം കോലിയും രോഹിതും ഇന്ത്യൻ ജേഴ്സിയിലെത്തുന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു കാര്യം.
പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ കഠിന പരിശ്രമത്തിലാണ് രോഹിതും കോലിയും. ശരീര ഭാരമടക്കം കുറച്ച് എത്തുന്ന രോഹിത് ആരാധകർക്ക് പ്രതീക്ഷയാണ്. പരമ്പരയിൽ മിന്നും പ്രകടനം നടത്താനായില്ലെങ്കിൽ 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുകകയെന്ന ഇരുവരുടെയും ലക്ഷ്യം അകലുമെന്നും ആരാധാകർ വിശ്വസിക്കുന്നു. ഇതിനിടെ ഓസീസ് പരമ്പരയോടെ ഇരുവരും വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളിക്കളഞ്ഞത് ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും ബാറ്റുകൊണ്ട് മറുപടി പറയുന്ന രോ-കോ സഖ്യം ഇത്തവണയും വിമർശനങ്ങളെ ബൗണ്ടറി കടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2015 ഏകദിന ലോകകപ്പിന് ശേഷം മൂന്ന് ഏകദിന പരമ്പരകളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിച്ചത്. 2015, 2018, 2020 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും മറ്റ് രണ്ട് പരമ്പരകള്‍ കോലിക്ക് കീഴിലും. മൂന്നിലും പരാജയമായിരുന്നു ഫലം. 4-1, 2-1, 2-1 എന്നിങ്ങനെയായിരുന്നു പരമ്പരയുടെ ഫലങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക