
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്രക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മഹരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. 35 റണ്‍സോടെ റുതുരാജ് ഗെയ്ക്‌വാദും 29 റണ്‍സോടെ ജലജ് സക്സേനയുമാണ് ക്രീസില്‍. റണ്ണെടുക്കും മുമ്പെ മൂന്ന് വിക്കറ്റും അഞ്ച് റണ്‍സിന് നാലു വിക്കറ്റും 18 റണ്‍സിന് അഞ്ച് വിക്കറ്റും നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായ മഹാരാഷ്ട്രയെ റുതുരാജ്-ജലജ് സക്സേന കൂട്ടുകെട്ടാണ് 50 കടത്തിയത്. ഇരുവരും ചേര്‍ന്ന് പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 63 റണ്‍സെടുത്തിട്ടുണ്ട്. കേരളത്തിന് വേണ്ടി നിധീഷ് എം ഡി മൂന്നും എന്‍ പി ബേസില്‍ രണ്ടും വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ മഹാരാഷ്ട്രക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രക്കായി കളിക്കാനിറങ്ങിയ പൃഥ്വി ഷായെ നാലാം പന്തില്‍ തന്നെ പൂജ്യനായി മടക്കിയ നിധീഷാണ് മഹാരാഷ്ട്രക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അടുത്ത പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെയും മടക്കിയ നിധീഷ് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ എന്‍ പി ബേസില്‍ സിദ്ദേശ് വീറിനെ കൂടി ഗോള്‍ഡന്‍ ഡക്കാക്കിയതോടെ മഹാരാഷ്ട്രയുടെ സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ 3 വിക്കറ്റ് നഷ്ടമായി. നാലാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റൻ അങ്കിത് ബാവ്നെയെ കൂടി ബേസില്‍ വീഴ്ത്തിയതോടെ മഹാരാഷ്ട്ര 5-4ലേക്ക് തകര്‍ന്നു. പിന്നീട് റുതുരാജും സൗരഭ് നവാലെയും ചേര്‍ന്ന് മഹാരാഷ്ട്രയെ രണ്ടക്കം കടത്തിയെങ്കിലും നവാലെയെ(12) വീഴ്ത്തിയ നിധീഷ് സന്ദര്‍ശകരെ 18-5 എന്ന പരിതാപകരമായ നിലയിലാക്കി.
കഴിഞ്ഞ സീസണ്‍വരെ കേരളത്തിന്‍റെ രക്ഷകനായിരുന്ന ജലജ് സക്സേന ഇത്തവണ ടീം മാറിയപ്പോഴും രക്ഷകവേഷം കെട്ടി. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ജലജ് 24 റണ്‍സുമായി ക്രീസിലുള്ളത് കേരളത്തിന് ഭീഷണിയാണ്. കേരളത്തിനായി നിധീഷ് എം ഡി 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ എന്‍ പി ബേസില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.
മഹാരാഷ്ട്ര പ്ലേയിംഗ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എസ് എ വീര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ,മുകേഷ് ചൗധരി,രജനീഷ് ഗുർബാനി.
കേരള പ്ലേയിംഗ് ഇലവന്‍: അക്ഷയ് ചന്ദ്രൻ,രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ, എം ഡി നിധീഷ്, നെടുമൺകുഴി ബേസിൽ, ഈഡൻ ആപ്പിൾ ടോം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക