
ലക്നൗ: ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്ട്രേലിയ എ മികച്ച സ്കോറിലേക്ക്. ഇന്ത്യ എക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ എ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 198 റണ്‍സെന്ന ശക്തമായ നിലയിലാണ്. 126 പന്തില്‍ 101 റണ്‍സുമായി സാം കോണ്‍സ്റ്റാസും 96 പന്തില്‍ 88 റണ്‍സുമായി കാംപ്‌ബെല്‍ കെല്ലാവെയും ക്രീസില്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ അടക്കമുള്ള ബൗളര്‍മാര്‍ ഉണ്ടായിട്ടും ഓസീസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല. ഏഴോവര്‍ പന്തെറിഞ്ഞ പ്രസിദ്ധ് 31 റണ്‍സ് വഴങ്ങി. ശ്രേയസ് അയ്യരാണ് ഇന്ത്യ എയെ ഈ മത്സരത്തില്‍ നയിക്കുന്നത്. രണ്ട് അനൗദ്യോഗിക ടെസറ്റുകളാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച് പരിക്കുമൂലം പുറത്തായ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യ എ ടീമിലുണ്ടായിരുന്നെങ്കിലും മത്സരത്തിന് മുമ്പ് വീണ്ടും പരിക്കേറ്റതോടെ ടീമില്‍ നിന്ന് പുറത്തായി. നഥാന്‍ മക്സ്വീനിയാണ് ഓസ്ട്രേലിയയെ നയിക്കുന്നത്.
ഓസ്ട്രേലിയ എ പ്ലേയിംഗ് ഇലവന്‍: സാം കോൺസ്റ്റാസ്, കാംബെൽ കെല്ലവേ, നഥാൻ മക്‌സ്വീനി (ക്യാപ്റ്റൻ), ഒലിവർ പീക്ക്, ജോഷ് ഫിലിപ്പ്, കൂപ്പർ കോണോളി, ലിയാം സ്കോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ഫെർഗസ് ഒ നീൽ, കോറി റോച്ചിസിയോലി, ടോഡ് മർഫി.
ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, എൻ ജഗദീശൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, ധ്രുവ് ജൂറൽ, തനുഷ് കൊട്ടിയൻ, ഹർഷ് ദുബെ, പ്രസീദ് കൃഷ്ണ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക