ഗില്ലും കരുണ്‍ നായരും തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍

By Web TeamFirst Published Sep 17, 2019, 5:26 PM IST
Highlights

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത അഭിമന്യു ഈശ്വരനെ ലുങ്കി എങ്കിടി വിക്കറ്റിന് മുന്നില്‍ കുടുക്കി.

മൈസൂര്‍: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ എ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സുമായി കരുണ്‍ നായരും 36 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും ക്രീസില്‍.

92 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിന്റെയും അഞ്ച് റണ്‍സെടുത്ത അഭിമന്യു ഈശ്വരന്റെയും ആറ് റണ്‍സെടുത്ത പ്രിയങ്ക് പഞ്ചാലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത അഭിമന്യു ഈശ്വരനെ ലുങ്കി എങ്കിടി വിക്കറ്റിന് മുന്നില്‍ കുടുക്കി.

31 റണ്‍സില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രിയങ്ക് പഞ്ചാലിനെ മുള്‍ഡര്‍ ഡിബ്രുയിനിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ കരുണ്‍ നായരും ഗില്ലും ചേര്‍ന്ന് 135 റണ്‍സെടുത്ത് ഇന്ത്യക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

സെഞ്ചുറിയിലേക്ക് നീങ്ങിയ ഗില്ലിനെ വീഴ്ത്തി സിംപാല ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ വൃദ്ധിമാന്‍ സാഹ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തല്ലിക്കെടുത്തി.

click me!