നാലാം നമ്പറില്‍ ആര്, ട്വിസ്റ്റുകള്‍ ഉണ്ടാകുമോ?ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം

By Web TeamFirst Published Apr 15, 2019, 6:54 AM IST
Highlights

നാലാം നന്പ‍ർ ബാറ്റ്സ്മാനെ കണ്ടെത്തുകയാവും സെലക്ടർമാരുടെ പ്രധാന വെല്ലുവിളി. അംബാട്ടി റായ്ഡു, കെ എൽ രാഹുൽ, വിജയ് ശങ്കർ, റിഷഭ് പന്ത് എന്നിവരാണ് മത്സരരംഗത്തുള്ളത്. സമീപകാലത്തെ ഇന്ത്യന്‍ ടീമിനായുള്ള മോശം പ്രകടനം റായ്ഡുവിന് തിരിച്ചടിയായേക്കും

മുംബെെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയോടെ മുംബൈയിലായിരിക്കും ടീം പ്രഖ്യാപനം. ക്യാപ്റ്റൻ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ച എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷൻ കമ്മിറ്റി ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

ന്യുസീലൻഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പയില്‍ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് സൂചന. വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശ‌ർമ്മ, ശിഖ‌‌ർ ധവാൻ, എം എസ് ധോണി, കേദാർ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ ടീമിലുണ്ടാകുമെന്നുറപ്പാണ്.

രോഹിത് ,ധവാൻ, കോലി എന്നിവർ ആദ്യ മൂന്ന് സ്ഥനങ്ങളിലെത്തും. നാലാം നമ്പര്‍ ബാറ്റ്സ്മാനെ കണ്ടെത്തുകയാവും സെലക്ടർമാരുടെ പ്രധാന വെല്ലുവിളി. അംബാട്ടി റായ്ഡു, കെ എൽ രാഹുൽ, വിജയ് ശങ്കർ, റിഷഭ് പന്ത് എന്നിവരാണ് മത്സരരംഗത്തുള്ളത്. സമീപകാലത്തെ ഇന്ത്യന്‍ ടീമിനായുള്ള മോശം പ്രകടനം റായ്ഡുവിന് തിരിച്ചടിയായേക്കും.

റിഷഭിനെയും രാഹുലിനേയും രണ്ടാം വിക്കറ്റ് കീപ്പ‍റായും പരിഗണിക്കുന്നുണ്ട്. ഐപിഎല്ലിലെ ഉഗ്രൻ ഫോം രാഹുലിന് ഗുണംചെയ്യും. വിജയ് ശങ്കർ ടീമിലെത്തിയാൽ കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി രവീന്ദ്ര ജഡേജ ടീമിലെത്തും.

ലോകകപ്പിൽ ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് ലോകകപ്പ് നടക്കുക. ഓസ്ട്രലിയയാണ് നിലവിലെ ചാന്പ്യൻമാർ.

click me!