കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവനെ ഓള്‍ റൗണ്ടറായി വളര്‍ത്തിയെടുക്കുക. അവനെ എല്ലാ പരമ്പരക്കും ടീമിലെടുക്കും. ടീമിനൊപ്പം യാത്ര ചെയ്യും. പക്ഷെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കില്ല.

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്താതിരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. കളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അവനെ ടീമിലെടുക്കുന്നതെന്ന് പത്താന്ഡ ജിയോ ഹോട്സ്റ്റാറിലെ ചര്‍ച്ചയില്‍ ചോദിച്ചു.

കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവനെ ഓള്‍ റൗണ്ടറായി വളര്‍ത്തിയെടുക്കുക. അവനെ എല്ലാ പരമ്പരക്കും ടീമിലെടുക്കും. ടീമിനൊപ്പം യാത്ര ചെയ്യും. പക്ഷെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കില്ല. അവനെ ഒഴിവാക്കുന്നതിന് എന്തെങ്കിലും കാരണം വേണ്ടെയെന്നും ഇര്‍ഫാന്‍ പത്താന്‍ ആദ്യ മത്സരത്തിലെ ടോസിനുശേഷം ചോദിച്ചു. ഇതാദ്യമായല്ല പത്താന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കുന്നതിനെതിരെ രംഗത്തുവരുന്നത്.

ഇതുവരെ ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ലെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായി അവസരം നല്‍കണമെന്ന് പത്താന്‍ കഴിഞ്ഞ ദിവസം യുട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. അവനെപ്പോലെ 130 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന അധികം ഓള്‍ റൗണ്ടര്‍മാരൊന്നും രാജ്യത്തില്ല. ഇന്ന് കാണുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഉണ്ടായത്, കരിയറിന്‍റെ തുടക്കത്തില്‍ രണ്ടോ മൂന്നോ വര്‍ഷം അവന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതുകൊണ്ടാണ്. അതുകൊണ്ട് തന്നെ സെലക്ടര്‍മാരും ആരാധകരും പാണ്ഡ്യയുടെ കാര്യത്തിലെന്നപോലെ നിതീഷിന്‍റെ കാര്യത്തിലും കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും പത്താന്‍ ഇന്നലെ പറഞ്ഞിരുന്നു.

നമ്മള്‍ ക്ഷമ കാണിച്ചില്ലെങ്കില്‍ അവന്‍റെ യഥാര്‍ത്ഥ പ്രതിഭ പുറത്തെടുക്കാനുള്ള അവസരമായിരിക്കും നഷ്ടമാകുന്നത്. ലഭിച്ച അവസരങ്ങളിലൊന്നും അവന്‍ ഇതുവരെ അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലായിരിക്കാം. മെല്‍ബണില്‍ നേടിയ ടെസ്റ്റ് സെഞ്ചുറി മാത്രമാണ് അവന്‍ ഇതുവരെ കളിച്ച മികച്ച ഇന്നിംഗ്സ്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിട്ടിയ അവസരങ്ങളിലൊന്നും അവന് മികവ് കാട്ടാനായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അവന്‍റെ മികവുള്ള അധികം കളിക്കാരൊന്നും നമുക്ക് ഇല്ലാത്തതിനാല്‍ നിതീഷിന്‍റെ കാര്യത്തില്‍ കുറച്ചുകൂടി ക്ഷമ കാണിക്കാന്‍ നമ്മളെല്ലാവരും തയാറാവണമെന്നും പത്താന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക