
ആന്‍റിഗ്വ: ആവേശകരമായ വിജയത്തിലൂടെ ടീം ഇന്ത്യ (India U19) അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ (ICC Under 19 World Cup 2022 ) കടന്നു. കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിനാണ് യുവ ഇന്ത്യ പരാജയപ്പെടുത്തിയത് (India U19 vs Australia U19 Semi-Final). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 ലക്ഷ്യത്തിന് മുന്നിൽ ഓസ്ട്രേലിയ കാലിടറി വീണു. 41.5 ഓവറിൽ 194 റൺസിൽ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അർധ സെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് കംഗാരുക്കൂട്ടത്തെ കൂട്ടിലടച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ദുള്ളും (Yash Dhull) സെഞ്ചുറിക്കരികെ പുറത്തായ ഷെയ്‌ഖ് റഷീദുമാണ് (Shaik Rasheed) ഇന്ത്യന്‍ കൗമാരപ്പടയ്‌ക്ക് കരുത്തായത്. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രക്ഷക്കെത്തുകയായിരുന്നു. ആംഗ്രിഷ് രഘുവംശി ആറിലും ഹര്‍നൂർ സിംഗ് 16 റണ്‍സിലും പുറത്താകുമ്പോള്‍ ഇന്ത്യക്ക് 12.3 ഓവറില്‍ 37 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സാവധാനം തുടങ്ങി 204 റണ്‍സ് ചേര്‍ത്ത് യാഷ് ദുള്‍- ഷെയ്‌ഖ് റഷീദ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു. 46-ാം ഓവറിലെ അഞ്ചാം പന്തില്‍ യാഷ് റണ്ണൗട്ടാവുകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 241ലെത്തിയിരുന്നു.
ക്യാപ്റ്റന്‍റെ വീറോടെ മുന്നില്‍നിന്ന് നയിച്ച് സെഞ്ചുറി നേടിയ യാഷ് 110 പന്തില്‍ 110 റണ്‍സ് നേടി. എന്നാല്‍ സെഞ്ചുറിക്കരികെ റഷീദ് പുറത്തായത് ഇന്ത്യൻ ആരാധകരർക്ക് നോവായി. 108 പന്തില്‍ 94 റണ്‍സ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ രാജ്‌വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12*), ദിനേശ് ബനയും(20*) ഇന്ത്യന്‍ സ്‌കോര്‍ മികച്ചതാക്കി ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.
യാഷിന് സെഞ്ചുറി, റഷീദിന് ഫിഫ്റ്റി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍