
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്. 31 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.
23 പന്തില്‍ 33 റണ്‍സ് നേടിയ ബാസ് ഡി ലീഡെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. സാച്ച് ലിയോണ്‍ കാച്ചറ്റ് (16 പന്തില്‍ 26), നെഹ് ക്രോസ് (12 പന്തില്‍ പുറത്താവാതെ 25), മൈക്കല്‍ ലെവിറ്റ് (23 പന്തില്‍ 24), കോളിന്‍ ആക്കര്‍മാന്‍ (15 പന്തില്‍ 23), മാക്‌സ് ഒഡൗഡ് (20), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആര്യന്‍ ദത്താണ് (0) പുറത്തായ മറ്റൊരു താരം. ലോഗന്‍ വാന്‍ ബീക്ക് (4) പുറത്താവാതെ നിന്നു. വരുണിന് പുറമെ ശിവം ദുബെ റണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
ടി20 ലോകകപ്പില്‍ മൂന്നാം മത്സരത്തിലും അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്താവുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. നേരിട്ട മൂന്നാം പന്തില്‍ തന്നെ അഭിഷേക് ബൗള്‍ഡാവുകയായിരുന്നു. ആര്യന്‍ ദത്തിനായിരുന്നു വിക്കറ്റ്. ലോകകപ്പില്‍ ഇതുവരെ അഭിഷേകിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. പിന്നാലെ ഇഷാന്‍ കിഷനും (എട്ട് പന്തില്‍ 17) മടങ്ങി. ദത്തിന്റെ തന്നെ പന്തില്‍ നിര്‍ഭാഗ്യവശാല്‍ ബൗള്‍ഡാവുകയായിരുന്നു താരം. കിഷന്റെ ദേഹത്ത് തട്ടിയ പന്ത് സ്റ്റംപിലേക്ക് ഉരുണ്ട് വീഴുകയായിരുന്നു.
തുടര്‍ന്ന് തിലക് വര്‍മ (27 പന്തില്‍ 31) - സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 34) സഖ്യം 30 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു. ഒമ്പതാം ഓവറില്‍ തിലക് പുറത്തായി ദുബെ വന്നപ്പോഴാണ് സ്‌കോര്‍ അനങ്ങിതുടങ്ങിയത്. ഇതിനിടെ സൂര്യയും പുറത്തായി. ദുബെയ്‌ക്കൊപ്പം 41 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്തു. ദുബെയ്‌ക്കൊപ്പം ഹാര്‍ദിക് ചേര്‍ന്നതോടെ സ്‌കോറിംഗ് വേഗത്തിലായി. 35 പന്തില്‍ 76 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. അവസാന ഓവറിലാണ് ദുബെ മടങ്ങുന്നത്. ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 21 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സുകളുണ്ടായിരുന്നു. റിങ്കു സിംഗ് (6) ഹാര്‍ദിക്കിനൊപ്പം പുറത്താവാതെ നിന്നു. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്യന്‍ ദത്തിന് രണ്ട് വിക്കറ്റുണ്ട്.
സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചകര്‍വര്‍ത്തി.
നെതര്‍ലന്‍ഡ്‌സ്: മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!