ഗില്ലാഡിയായി ഗില്‍, കത്തിക്കയറി ധവാന്‍, സിംബാബ്‌വെയെ പത്തുവിക്കറ്റിന് വീഴ്ത്തി ഇന്ത്യ

By Gopala krishnanFirst Published Aug 18, 2022, 6:40 PM IST
Highlights

സിംബാബ്‌വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പതര്‍ച്ചകളേതുമില്ലാതെയാണ് ഇന്ത്യ തുടങ്ങിയത്. ബംഗ്ലാദേശിനെ വിറപ്പിച്ചുവിട്ട സിംബാബ്‌വെ ബൗളര്‍മാരില്‍ നിന്ന് കുറച്ചുകൂടി കടുത്ത മത്സരം ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും ധവാനും ഗില്ലിനും ഭീഷണിയാവാന്‍ അവര്‍ക്കായില്ല. തുടക്കത്തില്‍ ആക്രമണം നയിച്ചത് ധവാനായിരുന്നെങ്കില്‍ പിന്നീട് അത് ഗില്‍ ഏറ്റെടുത്തു.

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്‍റെ ആധികാരിക ജയം. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.81 റണ്‍സോടെ ശിഖര്‍ ധവാനും 82 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും. സ്കോര്‍ സിബാബ്‌വെ 40.3 ഓവറില്‍ 189ന് ഓള്‍ ഔട്ട്, ഇന്ത്യ 30.5 ഓവറില്‍ 190/0. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കെ എല്‍ രാഹുലിന്‍റെ ആദ്യ ജയമാണിത്.

കത്തിക്കയറി ധവാനും ഗില്ലും

സിംബാബ്‌വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പതര്‍ച്ചകളേതുമില്ലാതെയാണ് ഇന്ത്യ തുടങ്ങിയത്. ബംഗ്ലാദേശിനെ വിറപ്പിച്ചുവിട്ട സിംബാബ്‌വെ ബൗളര്‍മാരില്‍ നിന്ന് കുറച്ചുകൂടി കടുത്ത മത്സരം ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും ധവാനും ഗില്ലിനും ഭീഷണിയാവാന്‍ അവര്‍ക്കായില്ല. തുടക്കത്തില്‍ ആക്രമണം നയിച്ചത് ധവാനായിരുന്നെങ്കില്‍ പിന്നീട് അത് ഗില്‍ ഏറ്റെടുത്തു. 76 പന്തിലാണ് ധവാന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസിലും ഓപ്പണിംഗില്‍ തിളങ്ങിയെങ്കിലും ധവാന്‍റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. സിംബാ‌ബ്‌വെക്കെതിരെയും അതില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ഇരുപതാം ഓവറില്‍ ഇന്ത്യ 100 കടന്നു. കഴിഞ്ഞ നാലു ഇന്നിംഗ്സില്‍ മൂന്നാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്. മറുവശത്ത് പതുക്കെ തുടങ്ങിയ ഗില്‍ പിന്നീട് കത്തിക്കയറി.ആദ്യ 15 പത്തില്‍ 10 റണ്‍സ് മാത്രമെടുത്ത ഗില്‍ 51 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അര്‍ധസെഞ്ചുറിക്ക് ശേഷം ഗില്‍ അതിവേഗം സ്കോര്‍ ചെയ്തതോടെ 30.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് എറിഞ്ഞിട്ടത്. ബ്രാഡ് ഇവാന്‍സ് (33), റിച്ചാര്‍ഡ് ഗവാര (34), റെഗിസ് ചകാബ (35) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.

ഒരുഘട്ടത്തില്‍ ആറിന് 83 എന്ന നിലയിലായിരുന്നു സിംബാബ്‌വെ പിന്നാലെ ഇവാന്‍സ്- ഗവാര കൂട്ടിചേര്‍ത്ത 70 റണ്‍സ് കൂട്ടുകെട്ടാണ് സിംബാബ്‌വെയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.  ഏഴാം ഓവറില്‍ തന്നെ സിംബാബ്‌വെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇന്നസെന്റ് കയ (4) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി. രണ്ടാം ശ്രമത്തിലാണ് സഞ്ജു ക്യാച്ച് പൂര്‍ത്തിയാക്കിയത്. ഒമ്പതാം ഓവറില്‍ രണ്ടാം ഓപ്പണര്‍ ടഡിവനാഷെ മറുമാനിയും (8) മടങ്ങി. ഇത്തവണ സഞ്ജു- ചാഹര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു വിക്കറ്റിന് പിന്നില്‍.

click me!